ദുബൈ – 2025-ൽ റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കി ദുബൈ വിനോദസഞ്ചാര മേഖല മുന്നേറുന്നതായി ദുബൈ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ 1.755 കോടി രാജ്യാന്തര വിനോദസഞ്ചാരികളാണ് ദുബൈയിലെത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (1.679 കോടി) അഞ്ച് ശതമാനത്തിന്റെ വർധനവാണിത്. നവംബറിൽ മാത്രം 18.5 ലക്ഷം സഞ്ചാരികളെത്തിയപ്പോൾ പ്രതിദിന ശരാശരി 61,600 കടന്നു.
സന്ദർശകരുടെ എണ്ണത്തിൽ പടിഞ്ഞാറൻ യൂറോപ്പ് (21%, 36.5 ലക്ഷം) ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, ജി.സി.സി രാജ്യങ്ങൾ (16%, 27.5 ലക്ഷം) രണ്ടാം സ്ഥാനത്തുണ്ട്. ജി.സി.സിയിൽ നിന്ന് പ്രതിദിനം ശരാശരി 8,000 സഞ്ചാരികൾ എത്തുന്നുണ്ടെന്നും ഇതിൽ സൗദി അറേബ്യയിൽ നിന്നുള്ളവരാണ് മുന്നിലെന്നും കണക്കുകൾ പറയുന്നു. ദക്ഷിണേഷ്യ (15%, 26 ലക്ഷം), റഷ്യ-കിഴക്കൻ യൂറോപ്പ് മേഖല (15%, 25.8 ലക്ഷം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. കൂടാതെ മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (11%, 19.5 ലക്ഷം), വടക്കൻ-തെക്കുകിഴക്കൻ ഏഷ്യ (9%, 16.4 ലക്ഷം), അമേരിക്കൻ ഭൂഖണ്ഡങ്ങൾ (7%, 12.3 ലക്ഷം), ആഫ്രിക്ക (4%, 7.74 ലക്ഷം), ഓസ്‌ട്രേലിയ (2%, 3.57 ലക്ഷം) എന്നിവിടങ്ങളിൽ നിന്നും വലിയതോതിൽ വിനോദസഞ്ചാരികൾ ദുബൈയിലേക്ക് എത്തിയതോടെ ആഗോള ടൂറിസം ഭൂപടത്തിൽ നഗരം തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.



