ദുബൈ – വരാനിരിക്കുന്ന പുതുവർഷം യു.എ.ഇ നിവാസികളുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2026 ജനുവരി ഒന്ന് മുതൽ പൊതു-സ്വകാര്യ മേഖലകളിൽ അവധിയാണെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും സേവനങ്ങളിലും ഗണ്യമായ പരിഷ്കാരങ്ങൾ നടപ്പിലാകും. ജുമുഅ നമസ്‌കാര സമയം ഉച്ചയ്ക്ക് 12.45-ലേക്ക് ഏകീകരിച്ചതിനെത്തുടർന്ന് ജനുവരി 9 മുതൽ ദുബൈയിലെ സ്കൂളുകളിൽ വെള്ളിയാഴ്ച ക്ലാസുകൾ രാവിലെ 11.30-ന് അവസാനിക്കും. വിശ്വാസികൾക്ക് നമസ്‌കാരത്തിന് മതിയായ സമയം നൽകുന്നതിനും പഠനവും മതപരമായ ബാധ്യതകളും സമന്വയിപ്പിക്കുന്നതിനുമാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പഞ്ചസാര ചേർത്ത പാനീയങ്ങളുടെ നികുതി ഘടനയിലും ജനുവരി മുതൽ മാറ്റം വരും. നിലവിലുള്ള 50 ശതമാനം നികുതിക്ക് പകരം പാനീയത്തിലെ പഞ്ചസാരയുടെ അളവ് കണക്കാക്കിയുള്ള പുതിയ നികുതി രീതിയാണ് ഏർപ്പെടുത്തുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള പ്ലാസ്റ്റിക് നിരോധനത്തിന്റെ അടുത്ത ഘട്ടവും ജനുവരി മുതൽ പ്രാബല്യത്തിൽ വരും. പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, സ്പൂണുകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കുന്ന ഒട്ടുമിക്ക പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും ഇറക്കുമതിയും നിർമ്മാണവും ഇതോടെ രാജ്യവ്യാപകമായി നിരോധിക്കപ്പെടും. ദുബായ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച കർശന നിർദ്ദേശങ്ങൾ ഇതിനോടകം നൽകിക്കഴിഞ്ഞു.
യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ വിമാനത്താവളത്തിലെ റെഡ് കാർപെറ്റ് സേവനം ടെർമിനൽ മൂന്നിലെത്തുന്ന യാത്രക്കാരിലേക്കും വ്യാപിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബയോമെട്രിക് വിവരങ്ങൾ പരിശോധിക്കുന്നതിലൂടെ പാസ്‌പോർട്ട് നടപടികൾ വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ ദുബായിലെ ഡിസ്‌കവറി ഗാർഡൻസിൽ ജനുവരി 15 മുതൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വരും. പാർക്കോണിക് കമ്പനി നടപ്പിലാക്കുന്ന ഈ സംവിധാനത്തിലൂടെ താമസക്കാർക്ക് ഒരു കാറിന് സൗജന്യ പെർമിറ്റും അധിക വാഹനങ്ങൾക്ക് സബ്‌സ്‌ക്രിപ്ഷനും ഏർപ്പെടുത്തുന്നതാണ്.



