ജിദ്ദ – കാര്‍ഷിക മേഖലയെ പിന്തുണക്കാനും വികസിപ്പിക്കാനും സൗദിയിൽ ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാനുമുള്ള പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി പ്രാദേശിക വിപണികളില്‍ സൗദി നാരങ്ങ സീസണ് തുടക്കമായി. സൗദിയില്‍ പ്രതിവര്‍ഷം വിവിധ ഇനത്തിലുള്ള 1,58,000 ലേറെ ടണ്‍ നാരങ്ങ പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. സൗദിയിലെ സിട്രസ് ഉല്‍പാദനത്തില്‍ ചെറുനാരങ്ങയാണ് മുന്നില്‍. പ്രതിവര്‍ഷം 1,23,000 ടണ്ണിലേറെ ചെറുനാരങ്ങ സൗദിയില്‍ ഉല്‍പാദിപ്പിക്കുന്നു. ഫലം കായ്ക്കുന്ന 15 ലക്ഷത്തിലേറെ ചെരുനാരങ്ങ വൃക്ഷങ്ങള്‍ രാജ്യത്തുണ്ട്. രണ്ടാം സ്ഥാനത്ത് ഓറഞ്ച് ആണ്. പ്രതിവര്‍ഷം 35,700 ടണ്‍ ഓറഞ്ച് സൗദിയില്‍ ഉല്‍പാദിപ്പിക്കുന്നു. രാജ്യത്ത് 3,97,000 ലേറെ ഫലം കായ്ക്കുന്ന ഓറഞ്ച് മരങ്ങളുണ്ട്. രാജ്യത്ത് എല്ലാ വര്‍ഷവും സിട്രസ് സീസണ്‍ ജൂലൈയില്‍ ആരംഭിച്ച് മാര്‍ച്ച് വരെ തുടരും.
രാജ്യത്തെ ഏതാനും പ്രധാന റീട്ടെയില്‍ വിപണികളുടെ പങ്കാളിത്തത്തോടെയാണ് പരിസ്ഥിതി, കൃഷി, ജല മന്ത്രാലയം സൗദി സിട്രസ് സീസണ്‍ ആരംഭിച്ചത്. നൂതന പാക്കേജിംഗ്, ഡിസ്‌പ്ലേ രീതികള്‍ ഉപയോഗിച്ച് ഈ വിപണികള്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു
ദേശീയ കാര്‍ഷിക ഉല്‍പ്പന്നങ്ങളെ പിന്തുണക്കാനും സിട്രസ് ഇനങ്ങള്‍, അവയുടെ പോഷക ഗുണങ്ങള്‍, ഉല്‍പാദന മേഖലകള്‍ എന്നിവയെ കുറിച്ച് അവബോധം വളര്‍ത്താനും ഉല്‍പാദന സീസണുകള്‍ക്കനുസരിച്ച് വര്‍ഷം മുഴുവനും അവയുടെ വൈവിധ്യം എടുത്തുകാണിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വിശദീകരിച്ചു. രാജ്യത്തിന്റെ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി കാര്‍ഷികോല്‍പന്നങ്ങളുടെ വിപണന കാര്യക്ഷമത മെച്ചപ്പെടുത്താനും മത്സരശേഷി വര്‍ധിപ്പിക്കാനും ആകര്‍ഷകമായ സാമ്പത്തിക വരുമാനം നേടാനും ഇത് സഹായിക്കുന്നു.
സിട്രസ് പഴങ്ങള്‍ രാജ്യത്ത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. നജ്റാന്‍, മദീന, റിയാദ്, തബൂക്ക്, ഹായില്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, അസീര്‍, അല്‍ഉല തുടങ്ങി ഏതാനും പ്രവിശ്യകളിലും പ്രദേശങ്ങളിലും ഇവ കൃഷി ചെയ്യുന്നു. ചെറുനാരങ്ങ, ഓറഞ്ച്, ടാംഗറിന്‍ (മന്ദാരിന്‍), ഗ്രേപ്ഫ്രൂട്ട്, സിട്രോണ്‍, കുംക്വാട്ട് (ജാപ്പനീസ് ഓറഞ്ച്) എന്നിവ അടക്കം വിവിധതരം സിട്രസ് പഴങ്ങള്‍ ഇവിടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്നു.



