തെൽഅവീവ് – അധിനിവേശ വെസ്റ്റ് ബാങ്കിൽ 19 പുതിയ ജൂതകുടിയേറ്റ കോളനികൾ സ്ഥാപിക്കാൻ ഇസ്രായിൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച് പറഞ്ഞു. ഈ പ്രഖ്യാപനത്തോടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വെസ്റ്റ് ബാങ്കിൽ അംഗീകരിച്ച പുതിയ ജൂതകുടിയേറ്റ കോളനികളുടെ എണ്ണം 69 ആയി ഉയർന്നതായി സ്‌മോട്രിച്ചിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കോളനികളുടെ നിർമ്മാണത്തിന്റെ വേഗത ഏറ്റവും ഉയർന്ന നിലയിലേക്ക് ഇസ്രായിൽ ത്വരിതപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പുതുതായി 19 ജൂതകുടിയേറ്റ കോളനികൾ കൂടി നിർമിക്കാൻ ഇസ്രായിൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയത്. വെസ്റ്റ് ബാങ്കിൽ 19 പുതിയ കുടിയേറ്റ കോളനികൾക്ക് അംഗീകാരം നൽകാനുള്ള ധനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയായ യിസ്രായേൽ കാറ്റ്‌സിന്റെയും നിർദേശം സുരക്ഷാ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നെന്ന് സ്‌മോട്രിച്ചിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.
സത്യത്തിൽ തങ്ങൾ ഇതിലൂടെ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് തടയുകയാണെന്ന് സ്‌മോട്രിച്ച് പറഞ്ഞു. ഞങ്ങൾ സ്വീകരിക്കുന്ന പാതയുടെ നീതിയിൽ വിശ്വസിച്ചുകൊണ്ട്, ഞങ്ങളുടെ ചരിത്രപരമായ ഭൂമിയിൽ ഞങ്ങൾ നിലവിലുള്ള കുടിയേറ്റ കോളനികൾ വികസിപ്പിക്കുകയും പുതിയവ നിർമിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത് തുടരും. ഈ കുടിയേറ്റ കോളനികളുടെ സ്ഥലങ്ങൾ തന്ത്രപരമായ പ്രാധാന്യമുള്ളവയാണ്. അവയിൽ ഏറ്റവും പ്രധാനം ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് വടക്കൻ വെസ്റ്റ് ബാങ്കിൽ പൊളിച്ചുമാറ്റിയ ഗാനിം, കാഡിം കുടിയേറ്റ കോളനികളുടെ പുനഃസ്ഥാപനമാണ് സ്‌മോട്രിച്ചിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. പുതുതായി അംഗീകരിച്ച കുടിയേറ്റ കോളനികളിൽ നേരത്തെ നിലവിലുണ്ടായിരുന്നതും എന്നാൽ നിയമപരമായ പദവിയില്ലാത്തതുമായ അഞ്ച് അനധികൃത ഔട്ട്‌പോസ്റ്റുകളും ഉൾപ്പെടുന്നു.
വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റ കോളനികളുടെ തുടർച്ചയായ വികാസത്തെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ജൂതകുടിയേറ്റ കോളനികളുടെ വ്യാപനം പിരിമുറുക്കങ്ങൾക്ക് ഇന്ധനം നൽകുന്നു. ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള ഭൂമികളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുന്നു. പൂർണ്ണമായും സ്വതന്ത്രവും ജനാധിപത്യപരവും ഭൂമിശാസ്ത്രപരമായി ഒട്ടിച്ചേർന്നതും പരമാധികാരമുള്ളതുമായ ഫലസ്തീൻ രാഷ്ട്രത്തിന്റെ സ്ഥാപനത്തിന് ഭീഷണിയാകുന്നു ഗുട്ടെറസ് പറഞ്ഞു.
ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം, ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. കാനഡയും ഓസ്‌ട്രേലിയയും ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റ കോളനികളുടെ എണ്ണം കുത്തനെ വർധിച്ചതായി ഗുട്ടെറസ് പറഞ്ഞു. 2017 നും 2022 നും ഇടയിലുള്ള കാലത്ത് പ്രതിവർഷം ശരാശരി 12,815 ജൂതകുടിയേറ്റ പാർപ്പിട യൂണിറ്റുകൾ പുതുതായി നിർമിച്ചു. ഈ സംഭവവികാസങ്ങൾ ഇസ്രായിലിന്റെ നിയമവിരുദ്ധ അധിനിവേശത്തെ ഉറപ്പിക്കുകയും അന്താരാഷ്ട്ര നിയമം ലംഘിക്കുകയും ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതായി യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു.
കഴിഞ്ഞ വേനൽക്കാലത്ത്, വെസ്റ്റ് ബാങ്കിന്റെ തെക്കു, വടക്കു ഭാഗങ്ങളെ ഫലപ്രദമായി വേർപെടുത്തുന്ന ഇവൺ സെറ്റിൽമെന്റ് പദ്ധതിക്കും ഇസ്രായിൽ അംഗീകാരം നൽകി. ഇത് ഇസ്രായിലിനെതിരായ അന്താരാഷ്ട്ര രോഷത്തിന് കാരണമായി. ഇസ്രായിൽ സർക്കാർ സമീപ കാലത്ത് പ്രഖ്യാപിച്ച ഏറ്റവും വലിയ കുടിയേറ്റ കോളനി പദ്ധതികളിൽ ഒന്നാണ് ഈ പദ്ധതി. 3,400 പുതിയ കുടിയേറ്റ ഭവന യൂണിറ്റുകളുടെ നിർമ്മാണവും ജറൂസലമിന് കിഴക്ക് സ്ഥിതി ചെയ്യുന്ന മാലെ അദുമിം കുടിയേറ്റ കോളനിയുടെ വികാസവും ഇത് ഉറപ്പാക്കും.
വെസ്റ്റ് ബാങ്ക് ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായിലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായിലിലെ വലതുപക്ഷ ഗവൺമെന്റിലെ മന്ത്രിമാർ വെസ്റ്റ് ബാങ്ക് ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്ന പദ്ധതി എത്രയും വേഗം നടപ്പാക്കാൻ ശ്രമിക്കുകയാണ്. 1967 ൽ ഇസ്രായിൽ വെസ്റ്റ് ബാങ്കിനൊപ്പം പിടിച്ചടക്കി ഇസ്രായിലിൽ കൂട്ടിച്ചേർത്ത കിഴക്കൻ ജറൂസലം ഒഴികെയുള്ള വെസ്റ്റ് ബാങ്കിൽ ഏകദേശം മുപ്പതു ലക്ഷം ഫലസ്തീനികളും അഞ്ചു ലക്ഷം ഇസ്രായിലി കുടിയേറ്റക്കാരും താമസിക്കുന്നു. വെസ്റ്റ് ബാങ്ക് ഇസ്രായിലിൽ കൂട്ടിച്ചേർത്താൽ ഇസ്രായിലിന് അമേരിക്കയിൽ നിന്നുള്ള എല്ലാ പിന്തുണയും നഷ്ടപ്പെടുമെന്ന് ടൈം മാസികക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് മുമ്പ് പ്രസ്താവിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രായിലി കുടിയേറ്റ കോളനികളും അന്താരാഷ്ട്ര നിയമ പ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു.



