ഗാസ – ഗാസ നഗരത്തിന് കിഴക്കുള്ള ശുജാഇയ്യ ഡിസ്ട്രിക്ട് ലക്ഷ്യമിട്ട് ഇന്ന് രാവിലെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഇസ്രായിൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ബാലനും ഒരു യുവാവും കൊല്ലപ്പെട്ടു. ശുജാഇയ്യ ഡിസ്ട്രിക്ടിൽ ഫലസ്തീനികളുടെ ഒത്തുചേരൽ ലക്ഷ്യമിട്ട് ഡ്രോൺ നടത്തിയ ബോംബാക്രമണത്തിൽ ഫലസ്തീൻ പൗരൻ കൊല്ലപ്പെട്ടതായി മെഡിക്കൽ സ്രോതസ്സുകളെ ഉദ്ധരിച്ച് ഫലസ്തീൻ ന്യൂസ് ആന്റ് ഇൻഫർമേഷൻ ഏജൻസി വഫാ റിപ്പോർട്ട് ചെയ്തു.
ഇതേ ജില്ലയിലെ അൽമൻസൂറ സ്ട്രീറ്റിലെ അൽശവാ പെട്രോൾ ബങ്കിനു സമീപം ഇസ്രായിൽ വിമാനം നടത്തിയ ആക്രമണത്തിൽ മറ്റു രണ്ടു പേരും കൊല്ലപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഇതോടെ ഒക്ടോബർ 10 ന് വെടിനിർത്തൽ കരാർ നിലവിൽ വന്നശേഷം ഗാസയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ ആകെ എണ്ണം 404 ആയി. 1,108 പേർക്ക് പരിക്കേറ്റു.


അതേസമയം, വടക്കൻ വെസ്റ്റ് ബാങ്കിൽ നടത്തിയ ഓപ്പറേഷനിടെ രണ്ട് പലസ്തീനികളെ കൊലപ്പെടുത്തിയതായി ഇസ്രായിൽ സൈന്യം പറഞ്ഞു. ജെനീൻ നഗരത്തിന് തെക്ക് ഖബാത്തിയ ഗ്രാമത്തിൽ, സൈനികർക്ക് നേരെ കല്ലെറിഞ്ഞ ബാലനു നേരെ സൈനികർ വെടിവെക്കുകയും കുട്ടി കൊല്ലപ്പെടുകയുമായിരുന്നു. പതിനാറുകാരൻ റയാൻ അബൂമഅ്‌ലാ ആണ് മരിച്ചതെന്ന് റാമല്ലയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു. സൈനികർക്കു നേരെ കല്ലെറിഞ്ഞ ഭീകരനെയാണ് വകവരുത്തിയതെന്ന് ഇസ്രായിൽ സൈന്യം പറഞ്ഞു.
ജെനീൻ നഗരത്തിന് പടിഞ്ഞാറ് സീലത്ത് അൽഹാരിസിയ പ്രദേശത്ത് നടന്ന മറ്റൊരു ഓപ്പറേഷനിൽ, സൈനികർക്ക് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ ഫലസ്തീൻ യുവാവിനെ കൊലപ്പെടുത്തിയതായും ഇസ്രായിൽ സൈന്യം പറഞ്ഞു. 22 വയസ് പ്രായമുള്ള അഹ്മദ് സാഇദ് സയൂദ് നെഞ്ചിന് വെടിയേറ്റാണ് മരിച്ചതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരു സംഭവങ്ങളിലും ഇസ്രായിൽ സൈനികരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സൈന്യം പറഞ്ഞു.
2023 ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കിൽ അക്രമം വർധിച്ചു. വെസ്റ്റ് ബാങ്കിൽ സംശയിക്കപ്പെടുന്ന ഫലസ്തീൻ പോരാളികൾക്കെതിരെ ഇസ്രായിൽ സൈന്യം വലിയ തോതിലുള്ള ഓപ്പറേഷനുകൾ പതിവായി നടത്തുന്നു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ വെസ്റ്റ് ബാങ്കിൽ 1,030 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഈ വർഷം മാത്രം 235 പേർ കൊല്ലപ്പെട്ടു.
ഒക്ടോബർ 10 ന് ഗാസ മുനമ്പിൽ ദുർബലമായ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും വെസ്റ്റ് ബാങ്കിൽ അക്രമത്തിന്റെ തോത് കുറഞ്ഞിട്ടില്ല. ഇതേ കാലയളവിൽ, സിവിലിയന്മാരും സൈനികരും ഉൾപ്പെടെ കുറഞ്ഞത് 44 ഇസ്രായിലികൾ ഫലസ്തീൻ ആക്രമണങ്ങളിലോ ഇസ്രായിലി സൈനിക നടപടികളിലോ കൊല്ലപ്പെട്ടതായി ഔദ്യോഗിക ഇസ്രായിലി കണക്കുകൾ സൂചിപ്പിക്കുന്നു. 1967 ലെ യുദ്ധത്തിൽ ഇസ്രായിൽ വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തുകയായിരുന്നു.



