ഗാസ – ഗാസ മുനമ്പിൽ ഫലസ്തിൻ കുടുംബത്തിന്റെ വിവാഹാഘോഷ ചടങ്ങ് കുരുതിക്കളമാക്കി മാറ്റി ഇസ്രായിൽ സൈന്യം. ചടങ്ങ് നടക്കുന്നതിനിടയിൽ കുടുംബത്തിനു നേരെ ഇസ്രായിൽ സൈന്യം പീരങ്കി ഷെല്ലാക്രമണം നടത്തുകയായിരുന്നു. 50 പേർ മാത്രം പങ്കെടുത്ത ലളിതമായ വിവാഹ ചടങ്ങ് നടന്ന സ്‌കൂൾ ക്ലാസ് മുറിയിൽ രണ്ട് ഷെല്ലുകൾ പതിച്ചതിനെ തുടർന്ന് ഒരു ശിശുവും ഒരു സ്ത്രീയും ഉൾപ്പെടെ അൽനദർ കുടുംബത്തിലെ ഏഴു പേർ കൊല്ലപ്പെട്ടു.
ഗാസ നഗരത്തിന് കിഴക്ക്, അൽതുഫാഹ് ഡിസ്ട്രിക്ടിലുള്ള, അഭയാർഥി ക്യാമ്പാക്കി മാറ്റിയ ശുഹദാ ഗാസ സ്‌കൂളിലാണ് സംഭവം നടന്നത്. വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായിൽ സൈന്യം പിൻവാങ്ങിയ യെല്ലോ ലൈനിൽ നിന്ന് കുറഞ്ഞത് 500 മീറ്റർ അകലെ പൂർണമായും സുരക്ഷിതമായ പ്രദേശത്താണ് ഈ സ്‌കൂൾ. യുദ്ധസമയത്ത് സംഭവിച്ചതു പോലെ, നിരപരാധികളായ സാധാരണക്കാരെയും ആയുധധാരികളായ ഫലസ്തീനികളെയും വേർതിരിക്കാതെ ഇസ്രായിലി ആക്രമണങ്ങൾ വിവേചനരഹിതമായി തുടരുകയാണ്.


വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്കാണ് സംഭവം നടന്നതെന്ന് ഇരകളുടെ ബന്ധുക്കൾ പറഞ്ഞു. ബോംബാക്രമണത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയതായും മൃതദേഹങ്ങൾ വീണ്ടെടുക്കാനും പരിക്കേറ്റവരോടൊപ്പം ആശുപത്രികളിലേക്ക് കൊണ്ടുപോകാനും ഏറെ ബുദ്ധിമുട്ടായതായും അൽശിഫ മെഡിക്കൽ കോംപ്ലക്‌സിൽ വെച്ച് ബന്ധപ്പെട്ടവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്ന് മണിക്കൂറിലധികം പിന്നിട്ട ശേഷമാണ് സിവിൽ ഡിഫൻസിനെയും മെഡിക്കൽ ടീമുകളെയും പ്രദേശത്തേക്ക് പ്രവേശിക്കാൻ ഇസ്രായിൽ അനുവദിച്ചത്. സുരക്ഷിതമായ പ്രദേശമാണെങ്കിലും ഇവിടെ എത്താൻ ശ്രമിച്ചപ്പോഴെല്ലാം ഇസ്രായിൽ സൈന്യം ലക്ഷ്യം വെച്ചതായാണ് റിപ്പോർട്ട്.
അഭയാർഥി ക്യാമ്പാക്കി മാറ്റിയ ശുഹദാ ഗാസ സ്‌കൂളിൽ 80 ഫലസ്തീൻ കുടുംബങ്ങളെ പാർപ്പിച്ചിരുന്നു. ബോംബാക്രമണത്തിന് ശേഷം ബദൽ താമസ സൗകര്യം തേടാൻ അവർ നിർബന്ധിതരായി. യുദ്ധത്തിൽ ഭാഗികമായി തകർന്ന സ്‌കൂളിനും പുതിയ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.
സംഭവത്തിന് മൂന്ന് മണിക്കൂറിന് ശേഷം സ്‌കൂളിലേക്ക് പ്രവേശനം അനുവദിച്ചതിന് ശേഷം സിവിൽ ഡിഫൻസ് സ്‌കൂൾ ഒഴിപ്പിച്ചു. യു.എൻ മാനുഷികകാര്യ ഏകോപന ഓഫീസുമായി ഏകോപിപ്പിച്ചതിനു ശേഷം മാത്രമേ തങ്ങളുടെ ജീവനക്കാർക്ക് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞുള്ളൂ എന്ന് സിവിൽ ഡിഫൻസ് പ്രസ്താവനയിൽ പറഞ്ഞു.
യെല്ലോ ലൈൻ മേഖലക്കു സമീപം സംശയിക്കപ്പെടുന്ന തീവ്രവാദികൾക്ക് നേരെ വെടിയുതിർത്തതായി ഇസ്രായിൽ സൈന്യം പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും സൈന്യം കൂട്ടിച്ചേർത്തു. സിവിലിയൻ മരണങ്ങളിൽ ഖേദം പ്രകടിപ്പിച്ച ഇസ്രായിൽ സൈന്യം, സിവിലിയന്മാർക്കിടയിൽ നാശനഷ്ടങ്ങൾ കുറക്കാൻ പ്രവർത്തിക്കുന്നതായി അവകാശപ്പെടുകയും ചെയ്തു. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇന്ന് ഉച്ചയോടെ 13 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഒക്ടോബർ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽവന്ന ശേഷം ഇസ്രായിൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 401 ആയി. 1,108 പേർക്ക് പരിക്കേറ്റു. ഇതോടെ 2023 ഒക്‌ടോബർ ഏഴു മുതൽ ഇസ്രായിൽ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 70,925 ആയും പരിക്കേറ്റവരുടെ എണ്ണം 1,71,185 ആയും ഉയർന്നു.
അതിനിടെ, തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിലെ 13 വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന 55 ഫലസ്തീനികളുടെ മൃതദേഹങ്ങൾക്കായി സിവിൽ ഡിഫൻസ് സംഘങ്ങൾ ഇന്ന് തിരച്ചിൽ ആരംഭിച്ചു. ഗാസ നഗരത്തിലെ അൽരിമാൽ ഡിസ്ട്രിക്ടിലുള്ള വീടിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് 70 ലേറെ മൃതദേഹങ്ങൾ ദിവസങ്ങൾക്കു മുമ്പ് കണ്ടെടുത്തിരുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട ഏകദേശം 9,000 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഗാസ മുനമ്പിലെ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിലുണ്ടെന്നാണ് കണക്കാക്കുന്നത്.
യുദ്ധത്തിൽ ഭാഗികമായി തകർന്ന മൂന്ന് കെട്ടിടങ്ങൾ അടുത്തിടെയുണ്ടായ മഴയും തൽഫലമായുണ്ടായ വിള്ളലുകളും കാരണം ഇന്ന് നിലംപൊത്തി. ഗാസ നഗരത്തിന് പടിഞ്ഞാറുള്ള അൽശാത്തി അഭയാർഥി ക്യാമ്പിലെ നാലുനില കെട്ടിടം, നഗരത്തിന് തെക്ക് പടിഞ്ഞാറുള്ള തൽഅൽഹവാ ഡിസ്ട്രിക്ടിലുള്ള അൽഔദ ടവർ, നഗരത്തിന് വടക്ക് ശൈഖ് റദ്‌വാൻ ഡിസ്ട്രിക്ടിലുള്ള ഇരുനില വീട് എന്നിവയാണ് നിലംപൊത്തിയത്. ഗാസ മുനമ്പിൽ യുദ്ധത്തിൽ ഭാഗികമായി തകർന്ന 16 ലേറെ വീടുകൾ കഴിഞ്ഞ പത്ത് ദിവസത്തിനിടെ കനത്ത മഴ മൂലം തകർന്നിരുന്നു. ഇത് നിരവധി ഫലസ്തീനികളുടെ മരണത്തിന് കാരണമായി.



