ജിദ്ദ – സൗദി അറേബ്യയുടെ നാവിക പ്രതിരോധ രംഗത്ത് നിർണ്ണായക ചുവടുവെപ്പായി ‘തുവൈഖ്’ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ യുദ്ധക്കപ്പൽ ‘ഹിസ് മെജസ്റ്റി കിംഗ് സൗദ്’ അമേരിക്കയിലെ വിസ്‌കോൺസിനിൽ നീറ്റിലിറക്കി. പദ്ധതിയുടെ കീഴിൽ നിർമ്മിക്കുന്ന നാല് മൾട്ടി-മിഷൻ യുദ്ധക്കപ്പലുകളിൽ ആദ്യത്തേതാണിത്. റോയൽ സൗദി നാവികസേനാ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽഗുറൈബിയുടെയും അമേരിക്കൻ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പ്രമുഖ പ്രതിരോധ, സൈനിക വ്യവസായ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്റെയും നൂതന സൈനിക, നാവിക കപ്പലുകളുടെ നിര്‍മ്മാണത്തില്‍ വിദഗ്ധരായ ഫിന്‍കാന്റിയേരി കമ്പനിയുടെയും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.


ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു നാവികസേന കെട്ടിപ്പടുക്കാനുള്ള സൗദിയുടെ പ്രതിബദ്ധതയാണ് ഈ പദ്ധതിയെന്ന് അൽഗുറൈബി വ്യക്തമാക്കി. വ്യോമ, ഉപരിതല, ഭൂഗർഭ ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള നൂതന യുദ്ധ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുള്ള ഈ കപ്പലുകൾ രാജ്യത്തിന്റെ സമുദ്ര സുരക്ഷയും തന്ത്രപരമായ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ നാവികസേനയെ കൂടുതൽ പ്രാപ്തമാക്കും. കപ്പലുകളുടെ നിർമ്മാണത്തിന് പുറമെ, ജുബൈലിലെ കിംഗ് അബ്ദുൽ അസീസ് നാവിക താവളത്തിന്റെ വികസനവും പരിശീലന സൗകര്യങ്ങൾ വർദ്ധിപ്പിക്കലും തുവൈഖ് പദ്ധതിയുടെ ഭാഗമാണ്. സൗദി-അമേരിക്കൻ പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം, നാവിക സൈനിക വ്യവസായങ്ങളുടെ പ്രാദേശികവൽക്കരണത്തിലൂടെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ പദ്ധതി സഹായിക്കും.



