റിയാദ് – റിയാദ് കെ.എം.സി.സി. കാസർഗോഡ് ജില്ലാ ചെയർമാനും റിയാദിലെ ബിസിനസ് പ്രമുഖനുമായ അബ്ദുൽ അസീസ് അട്ക (51) നാട്ടിൽ നിര്യാതനായി. രണ്ടുമാസം മുമ്പ് നാട്ടിൽ ചികിത്സാർഥം പോയതായിരുന്നു. രണ്ടുപതിറ്റാണ്ടിലേറെയായി ലക്ഷ്വറി കാർപെറ്റ് മേഖലയിൽ ബിസിനസ് ചെയ്തുവരികയായിരുന്ന ഇദ്ദേഹം റിയാദിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു.
വർഷങ്ങളോളം ജോലി ചെയ്ത് ഈ മേഖലയിൽ പ്രാവീണ്യം നേടിയ ശേഷമാണ് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞത്. ഭാര്യ മശ്ഹൂദാ ബീഗവും ബിസിനസിൽ ഇദ്ദേഹത്തിന്റെ സഹായിയായിരുന്നു. കാർപെറ്റ് ഷോറൂമുകളുടെ എംഡി, സൗദിയിലെ വിവിധ പ്രവിശ്യകളിലെ 27 ലക്ഷ്വറി കോംപൗണ്ടുകളിലും സൗദി എയർലൈൻസ്, ഫ്ളൈനാസ് കോമ്പൗണ്ടുകളിലും പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖല, ആന്റിക്രാഫ്റ്റ്, ഗിഫ്റ്റ് സ്റ്റോറുകൾ, ലോൺട്രികൾ, റസ്റ്റാറന്റുകൾ എന്നിവക്ക് നേതൃത്വം നൽകുന്ന ആലിയ ഇന്റർനാഷണൽ മാർക്കറ്റിംഗ് ഗ്രൂപ്പ് സിഇഒയും മനാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന അദിനട്ക ബഹ്റൈനി പാർട്ണർഷിപ് കമ്പനിയുടെ സിഎംഡിയുമാണ്.
ബഹ്റൈൻ, സൗദി അറേബ്യ, കേരളം, മംഗലാപുരം എന്നിവിടങ്ങളിലാണ് ബിസിനസ് സംരംഭങ്ങൾ. റിയൽ എസ്റ്റേറ്റ്, ഷോപ്പിംഗ് സെന്റർ, റിസോർട്, റസ്റ്റാറന്റ്, സൂപ്പർമാർക്കറ്റ് എന്നീ രംഗങ്ങളിലാണ് പ്രധാനമായും അബ്ദുൽ അസീസിന്റെയും മശ്ഹൂദാ ബീഗത്തിന്റെയും പ്രവർത്തന മേഖല. ബിസിനസിന്റെ ഒരുവിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവെച്ചായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. പിതാവ് മർഹൂം മഹ്‌മൂദ് സൂഫി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നു. അബ്ദുൽ അസീസ് ട്രസ്റ്റ് ചെയർമാനും മശ്ഹൂദാ ബീഗം മാനേജിംഗ് ട്രസ്റ്റിയുമാണ്. മാതാവ് ബീഫാത്തിമ. ഏക മകൾ ആലിയ ഫാത്തിമ.



