ജിദ്ദ – സൗദി അറേബ്യയിൽ നിയമലംഘകർക്കായുള്ള പരിശോധനകൾ കർശനമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 19,000-ത്തിലധികം നിയമലംഘകരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതിൽ 12,506 പേർ ഇഖാമ നിയമലംഘകരും 4,154 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും 2,916 പേർ തൊഴിൽ നിയമലംഘകരുമാണ്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 1,418 പേരും അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 24 പേരും അറസ്റ്റിലായിട്ടുണ്ട്.
നുഴഞ്ഞുകയറ്റക്കാർക്ക് താമസവും ജോലിയും നൽകി സഹായിച്ച 16 പേരെയും പിടികൂടി. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ 30,427 പേർ കഴിയുന്നുണ്ട്. ഇതിൽ 28,718 പുരുഷന്മാരും 1,709 സ്ത്രീകളുമാണുള്ളത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരുന്നു. യാത്രാരേഖകളില്ലാത്ത 21,803 പേർക്ക് എംബസികളുമായി സഹകരിച്ച് രേഖകൾ തയ്യാറാക്കുന്നുണ്ട്. കൂടാതെ 5,202 പേർക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള നടപടികളും നടക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 12,365 പേരെ സൗദിയിൽ നിന്ന് നാടുകടത്തി. നിയമലംഘകരെ സഹായിക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി. നിയമലംഘകരെക്കുറിച്ച് വിവരം ലഭിക്കുന്നവർ മക്ക, റിയാദ് തുടങ്ങിയ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റിടങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.



