പാരീസ് – ഫലസ്തീനികള്‍ക്കിടയില്‍ വ്യാപകമായ പിന്തുണയുള്ള ഫലസ്തീന്‍ രാഷ്ട്രീയ നേതാവ് മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് എഴുത്തുകാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍ എന്നിവരുള്‍പ്പെടെ 200 ലേറെ ലോക പ്രശസ്തര്‍ തുറന്ന കത്തില്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടു. 66 കാരനായ മര്‍വാന്‍ അല്‍ബര്‍ഗൂത്തി 2002 മുതല്‍ ഇസ്രായില്‍ ജയിലിലാണ്. വിവിധ ഫലസ്തീന്‍ വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവ് കാരണം ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ കഴിയുന്ന നേതാവായി മര്‍വാന്‍ അല്‍ബര്‍ഗൂത്തി കണക്കാക്കപ്പെടുന്നു.
ബര്‍ഗൂത്തിയുടെ മോചനത്തിനായി അഭ്യര്‍ഥിക്കുന്ന തുറന്ന കത്തില്‍ സിനിമാതാരങ്ങളായ ജോഷ് ഒ’കോണര്‍, ബെനഡിക്റ്റ് കംബര്‍ബാച്ച്, ജാവിയര്‍ ബാര്‍ഡെം, സംഗീതജ്ഞരായ ഫോണ്ടെയ്ന്‍ ഡിസി, സ്റ്റിംഗ് എന്നിവര്‍ ഒപ്പിട്ടു. പ്രശസ്ത എഴുത്തുകാരികളായ സാലി റൂണി, ആനി എര്‍ണോക്‌സ്, മാര്‍ഗരറ്റ് ആറ്റ്‌വുഡ്, ആര്‍ട്ടിസ്റ്റ് നാന്‍ ഗോള്‍ഡിന്‍, മുന്‍ ബ്രിട്ടീഷ് ഫുട്‌ബോള്‍ താരവും നിലവിലെ ബ്രോഡ്കാസ്റ്ററുമായ ഗാരി ലിനേക്കര്‍ എന്നിവരും കത്തില്‍ ഒപ്പു വെച്ചവരിലുണ്ട്. കത്തില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗവും ഗാസയിലെ ഇസ്രായിലി ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ മുന്നിലുണ്ടായവരാണ്.
മര്‍വാന്‍ അല്‍ബര്‍ഗൂത്തിയുടെ തടവ്, അദ്ദേഹത്തോടുള്ള മോശം പെരുമാറ്റം, നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കല്‍ എന്നിവയെല്ലാം കുറിച്ച് കത്തിൽ ഇവർ ആശങ്ക പ്രകടിപ്പിക്കുന്നു. മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ ഇസ്രായില്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതിനായി ഇവർ ഐക്യരാഷ്ട്രസഭയോടും ലോക സര്‍ക്കാരുകളോടും അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.
കത്ത് ബര്‍ഗൂത്തിയുടെ കുടുംബം ആരംഭിച്ച ഫ്രീ മര്‍വാന്‍ എന്ന അന്താരാഷ്ട്ര പ്രചാരണത്തിന്റെ ഭാഗമാണ്. ഫലസ്തീൻ മണ്ടേല എന്നറിയപ്പെടുന്ന ബര്‍ഗൂത്തിയെ 2000 നും 2005 നും ഇടയില്‍ രണ്ടാം ഫലസ്തീന്‍ ഇന്‍തിഫാദ കാലത്ത് ഇസ്രായിലിനെതിരെ മാരകമായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിന് 2004 ല്‍ ഇസ്രായിലി കോടതി അഞ്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അന്ന് പലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന ബര്‍ഗൂത്തി വിചാരണക്കിടെ കോടതിയെ അംഗീകരിക്കാന്‍ വിസമ്മതിച്ചു. ബര്‍ഗൂത്തിയുടെ വിചാരണയില്‍ പിഴവുള്ളതായി ആരോപിച്ച് ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ വിചാരണയെ അപലപിച്ചിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലിനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം, ഫലസ്തീന്‍ തടവുകാരെയും ഇസ്രായിലി ബന്ദികളെയും പരസ്പരം കൈമാറാനുള്ള കരാറുകളുടെ ഭാഗമായി ബര്‍ഗൂത്തിയെ മോചിപ്പിക്കാന്‍ ഇസ്രായില്‍ വിസമ്മതിച്ചു.
സെപ്റ്റംബറില്‍ രണ്ട് ജയിലുകള്‍ക്കിടയില്‍ മാറ്റുന്നതിനിടെ തന്റെ പിതാവിനെ ഇസ്രായിലി ഗാര്‍ഡുകള്‍ കഠിനമായി മര്‍ദിച്ചതായും അതിന്റെ ഫലമായി നാല് വാരിയെല്ലുകള്‍ ഒടിഞ്ഞതായും തലക്ക് പരിക്കേറ്റതായും ഒക്ടോബറില്‍ മര്‍വാന്‍ അല്‍ബര്‍ഗൂത്തിയുടെ മകന്‍ അറബ് വ്യക്തമാക്കിയിരുന്നു. തീവ്രവലതുപക്ഷ ഇസ്രായിലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ജയിലില്‍ മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ സന്ദര്‍ശിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഓഗസ്റ്റില്‍ ബെന്‍-ഗ്വിര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.



