ഗാസ – തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് പടിഞ്ഞാറ് കുടിയിറക്കപ്പെട്ട ആളുകളെ പാര്‍പ്പിച്ചിരുന്ന തമ്പുകള്‍ക്കു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു കുട്ടികള്‍ അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. വ്യോമാക്രമണത്തില്‍ ഏതാനും തമ്പുകള്‍ കത്തിനശിച്ചു. ഹമാസിന്റെ റഫ ബ്രിഗേഡിലെ മുതിര്‍ന്ന കമാന്‍ഡര്‍ കഴിയുന്നതായി അവകാശപ്പെട്ട് ഖാന്‍ യൂനിസിന് പടിഞ്ഞാറ് അല്‍മവാസി പ്രദേശത്തെ തമ്പ് ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ ആര്‍മി റേഡിയോ അറിയിച്ചു.
തെക്കന്‍ ഗാസ മുനമ്പിലെ റഫയിലും ഖാന്‍ യൂനിസിലും ഇസ്രായില്‍ വ്യോമസേന നിലവില്‍ വ്യോമാക്രമണം നടത്തുന്നുണ്ടെന്ന് ഇസ്രായിലിന്റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായില്‍, അമേരിക്കന്‍ സംവിധാനമായ യു.എസ്-ഇസ്രായില്‍ ഏകോപന കേന്ദ്രത്തെ വിവരം അറിയിച്ചിരുന്നതായി ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഹമാസ് പ്രവര്‍ത്തകര്‍ റഫയില്‍ ഇസ്രായില്‍ സേനയെ ആക്രമിച്ചതായും അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്രായിലി സൈന്യം പറഞ്ഞു. ഇതിന് തിരിച്ചടിയായി മിലിട്ടറി ഇന്റലിജന്‍സിന്റെയും ഷിന്‍ ബെറ്റിന്റെയും നിര്‍ദേശപ്രകാരം സൈന്യം തെക്കന്‍ ഗാസ മുനമ്പിലെ ഹമാസ് പ്രവര്‍ത്തകനെ ലക്ഷ്യം വെച്ച് ആക്രമണം നടത്തി. തല്‍ക്ഷണ ഭീഷണികള്‍ ഇല്ലാതാക്കുന്നത് തുടരുമെന്നും സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.



