ന്യൂയോർക് – കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് 2026-ൻ്റെ ആവേശം ടിക്കറ്റ് വിൽപ്പനയിലും പ്രകടം. ആദ്യ രണ്ട് ഘട്ടങ്ങളിലായി ഏകദേശം ഇരുപത് ലക്ഷത്തോളം ടിക്കറ്റുകളാണ് ലോകമെമ്പാടുമുള്ള ആരാധകർ ഇതിനോടകം സ്വന്തമാക്കിയത്.
ടിക്കറ്റ് വിൽപ്പനയുടെ അടുത്ത ഘട്ടം, റാന്റം സെലക്ഷൻ ഡ്രോ, ഡിസംബർ 11-ന് 11:00 ET (ഇന്ത്യൻ സമയം രാത്രി 9:30) ന് ആരംഭിക്കും. ടിക്കറ്റിനായുള്ള അപേക്ഷാ സമയം അടുത്ത വർഷം ജനുവരി 13-ന് അവസാനിക്കും. ഡിസംബർ 5-ന് ലോകകപ്പിൻ്റെ ഫൈനൽ ഡ്രോ നടക്കാനിരിക്കുകയാണ്. ടീമുകളെയും മത്സരങ്ങളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവന്നതിന് ശേഷം, ഒറ്റ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്കായി ആരാധകർക്ക് അപേക്ഷിക്കാൻ കഴിയുന്ന ആദ്യ ഘട്ടം കൂടിയാണിത്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ ആതിഥേയ രാജ്യങ്ങളിലെ താമസക്കാരാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയവരിൽ മുന്നിൽ. ഇതിന് പിന്നാലെ ഇംഗ്ലണ്ട്, ജർമ്മനി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരും ടിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 212 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ളവർ ഇതിനകം ടിക്കറ്റുകൾ വാങ്ങി കഴിഞ്ഞു.
FIFA.com/tickets വഴിയാണ് ആരാധകർ ടിക്കറ്റുകൾ സ്വന്തമാക്കേണ്ടത്. അപേക്ഷകർക്ക് അവർക്ക് വേണ്ട മത്സരം, ടിക്കറ്റ് വിഭാഗം, എണ്ണം എന്നിവ തിരഞ്ഞെടുക്കാം. ടിക്കറ്റ് ലഭിച്ചവർക്ക് ഫെബ്രുവരിയിൽ ഇമെയിൽ വഴി അറിയിപ്പ് ലഭിക്കുകയും ടിക്കറ്റിൻ്റെ പണം ഓട്ടോമാറ്റിക്കായി ഈടാക്കുകയും ചെയ്യും.
ഫൈനൽ ഡ്രോയ്ക്ക് ശേഷം, ഒരു പ്രത്യേക ദേശീയ ടീമിൻ്റെ ആരാധകർക്ക് ഡിസംബർ 11 മുതൽ അവരുടെ ദേശീയ ടീമിനായുള്ള പ്രത്യേക ടിക്കറ്റുകൾക്കായി അപേക്ഷിക്കാനും അവസരമുണ്ടാകും. മത്സര ടിക്കറ്റുകൾ കൂടാതെ, ഹോസ്പിറ്റാലിറ്റി പാക്കേജുകൾ വഴിയും ആരാധകർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം.
വിസ നടപടികളെക്കുറിച്ച് ഫിഫ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടിക്കറ്റ് ലഭിച്ചതുകൊണ്ട് മാത്രം രാജ്യത്ത് പ്രവേശനം ലഭിക്കില്ല. അതിനാൽ, ആരാധകർ കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലെ വിസ ആവശ്യകതകൾ മനസ്സിലാക്കി എത്രയും വേഗം വിസയ്ക്ക് അപേക്ഷിക്കണം. യുഎസിലേക്ക് യാത്ര ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് വിസ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്ന FIFA PASS സംവിധാനത്തിനും അർഹതയുണ്ടാകും.



