ഗാസ – തെക്കൻ ഗാസ മുനമ്പിലെ റഫയിൽ സൈന്യം നടത്തിയ തിരച്ചിലിൽ അഞ്ച് ഫലസ്തീൻ പോരാളികളെ വധിച്ചതായി ഇസ്രായേൽ സൈന്യം. കിഴക്കൻ റഫയിലെ ഒരു ഭൂഗർഭ തുരങ്കത്തിൽ നിന്ന് പുറത്തുവന്ന ആയുധധാരികളായ തീവ്രവാദികളെയാണ് വധിച്ചതെന്ന് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
ഒക്ടോബർ 10 മുതൽ നിലവിലുള്ള വെടിനിർത്തൽ കരാറിന് ശേഷം സൈന്യം പുനർവിന്യസിച്ച ഗാസയുടെ ഭാഗമാണിത്. റഫയിലെ തുരങ്കങ്ങളിൽ ഏകദേശം 200 ഹമാസ് പോരാളികൾ കുടുങ്ങിക്കിടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബന്ധം നഷ്ടപ്പെട്ട ഈ പോരാളികളുടെ സ്ഥിതി ഹമാസ് നേതാക്കൾ ഈജിപ്ഷ്യൻ ജനറൽ ഇന്റലിജൻസ് മേധാവി ഹസൻ റശാദുമായി കെയ്‌റോയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിരുന്നു.
കൂടാതെ, വെടിനിർത്തൽ നിലവിലുള്ള പ്രദേശത്ത് അതിർത്തി രേഖ (മഞ്ഞ രേഖ) മറികടന്ന മറ്റൊരാളെ കൂടി വധിച്ചതായി ഇസ്രായേൽ സൈന്യം ചൊവ്വാഴ്ച വൈകുന്നേരം അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 339 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു.



