മലപ്പുറം- ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പി കെ കുഞ്ഞാലികുട്ടിക്കെതിരെ വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ച് പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി കെ എസ് ഹംസ. മുസ്ലിം ലീഗിന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ്, കേന്ദ്രത്തില്‍ ഇന്ത്യ സഖ്യം അധികാരത്തില്‍ വരുന്ന സാഹചര്യമുണ്ടായാല്‍ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ ഏറ്റെടുത്തേക്കുമെന്ന് ഹംസ കളിയാക്കി.
പൊന്നാനി അങ്ങനെ കുഞ്ഞാലിക്കുട്ടി കേന്ദ്രമന്ത്രിയായേക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് കിട്ടിയാല്‍ നല്‍കാമെന്നു പറഞ്ഞ് യൂത്ത് ലീഗ് നേതാക്കളെയും വെളിച്ചപ്പാടിനെപ്പോലെ നടക്കുന്ന പി.എം.എ സലാമിനെയുമൊക്കെ ഒതുക്കിനിര്‍ത്തിയിരിക്കുകയാണ്. അവരിലാര്‍ക്കെങ്കിലും സീറ്റ് കിട്ടുമെന്ന് തോന്നുന്നില്ല.
ഏതെങ്കിലും അധികാരസ്ഥാനത്തില്ലാത്ത ഒരു മുന്‍ എം.പി കേരളത്തിലെ ലീഗിന് ഇപ്പോള്‍ ഇല്ല. മറ്റു പ്രധാന പാര്ട്ടികള്ക്കൊക്കെയുണ്ട്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അധികാരസ്ഥാനങ്ങളിലില്ലാത്ത രണ്ട് മുന്‍ എം.പിമാര്‍ ലീഗിനുണ്ടാകും. ലീഗ് ഇനിയും നിലനില്ക്കണമെങ്കില് പാര്‍ട്ടിക്കുള്ളില്‍ ഒരു ശുദ്ധീകരണം ആവശ്യമാണ്. അതിനെക്കുറിച്ച് ചിന്തിക്കേണ്ടത് ലീഗുകാര്‍ തന്നെയാണെന്നും കെ.എസ് ഹംസ പറഞ്ഞു.