ജിദ്ദ: മാറുന്ന കാലഘട്ടത്തിലെ വിദ്യാഭ്യാസ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുഷ്‌രിഫ ഇമാം റാസി മദ്രസയിൽ വിപുലമായ കരിയർ ഗൈഡൻസ് ആൻഡ് മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ കൃത്യമായ ലക്ഷ്യബോധം രൂപപ്പെടുത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുന്നതായിരുന്നു പരിപാടി. വെഫി കേരള സി.ഇ.ഒ റഫീഖ് മാസ്റ്റർ ചുങ്കത്തറ ക്ലാസിന് നേതൃത്വം നൽകി. കേവലമൊരു പഠന ക്ലാസിനപ്പുറം, ഓരോ കുട്ടിയുടെയും അഭിരുചികൾ തിരിച്ചറിഞ്ഞ്, അവർക്ക് അനുയോജ്യമായ പഠനവഴികൾ നിർദ്ദേശിക്കുന്ന രീതിയിലായിരുന്നു സെഷനുകൾ ക്രമീകരിച്ചിരുന്നത്. തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഉന്നത വിജയത്തിലേക്ക് എങ്ങനെ എത്താമെന്ന് അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു.
നാല് വ്യത്യസ്ത സെഷനുകളിലായാണ് പരിപാടി നടന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ക്ലാസുകൾ നൽകിയപ്പോൾ, കിഡ്‌സ് വിഭാഗത്തിനായി പ്രത്യേക മോട്ടിവേഷണൽ സെഷനും ഒരുക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാനും മറുപടി ലഭിക്കാനും അവസരമൊരുക്കിയ ‘സംശയ നിവാരണ സെഷൻ’ (Q&A) പരിപാടിയെ കൂടുതൽ ആകർഷകമാക്കി. മദ്രസ അധികൃതരായ ഹസ്സൻ സഖാഫി, യഹ്‌യ ഖലീൽ നൂറാനി, അബ്ദുൽ ഗഫൂർ പുളിക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



