ജനീവ – അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് സമീപമുള്ള ഗ്രാമത്തില്‍ നടത്തിയ റെയ്ഡിനിടെ ഇസ്രായില്‍ സൈന്യം രണ്ട് ഫലസ്തീന്‍ കുട്ടികളെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കഫര്‍ അഖബില്‍ ഇസ്രായില്‍ സൈന്യം 16 വയസ്സുള്ള സാമി ഇബ്രാഹിം മശായിഖിനെയും 18 വയസ്സുള്ള അംറ് ഖാലിദ് അല്‍മര്‍ബൂഇനെയും വെടിവച്ചു കൊന്നതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കിലെ അക്രമം വര്‍ധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ഇതുവരെ വെസ്റ്റ് ബാങ്കില്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആറ് ഫലസ്തീന്‍ ബാലന്മാരെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 10 ന് എത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായിലും ഹമാസും തമ്മിലുള്ള ഗാസയിലെ യുദ്ധം ഏറെക്കുറെ അവസാനിപ്പിച്ചു. പക്ഷേ, വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.


ഗാസയില്‍ വെടിനിര്‍ത്തല്‍ ആരംഭിച്ച ശേഷം സംഘര്‍ഷവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കുറഞ്ഞത് 67 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി യൂനിസെഫ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. അതായത് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്ന ശേഷം എല്ലാ ദിവസവും ശരാശരി രണ്ട് കുട്ടികള്‍ വീതം കൊല്ലപ്പെടുന്നുണ്ട് – യൂനിസെഫ് വക്താവ് റിക്കാര്‍ഡോ പിയേഴ്‌സ് ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ കടുത്ത സൈനിക നിയന്ത്രണങ്ങള്‍ നേരിടുന്നു. ഇത് അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായിലി കുടിയേറ്റക്കാരുടെ ആക്രമണങ്ങളും വര്‍ധിച്ചു. നബ്ലസിനടുത്തുള്ള ജനവാസ കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി കുടിയേറ്റക്കാര്‍ ആക്രമിച്ചതായും ഹവാറയിലും അബൂഫലാഹിലും ഫലസ്തീനികളുടെ സ്വത്തുവകകള്‍ക്ക് തീയിട്ടതായും പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹവാറയിലെ ഇസ്രായിലി സിവിലിയന്മാര്‍ ഫലസ്തീന്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും സ്വത്തുവകകള്‍ക്ക് തീയിടുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം പ്രതികരിച്ചതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. പ്രദേശത്ത് ഇസ്രായില്‍ സൈനികര്‍ തിരച്ചില്‍ നടത്തിയെങ്കിലും സംശയിക്കപ്പെടുന്നവരെ കണ്ടെത്തിയില്ലെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.


വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമങ്ങളെ ഡസന്‍ കണക്കിന് ജൂതകുടിയേറ്റക്കാര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സമീപ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പലപ്പോഴും മുട്ടന്‍വടികളും ചിലപ്പോള്‍ തോക്കുകളും വഹിച്ചാണ് ജൂതകുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ ആക്രമണം നടത്തുന്നത്.



