മസ്‌കത്ത് – വൈഫൈ-7 സാങ്കേതികവിദ്യ പൂര്‍ണമായും നടപ്പാക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവള ഓപ്പറേറ്ററായി ഒമാന്‍ എയര്‍പോര്‍ട്ട്‌സ്. ഹുവാവിയുമായി സഹകരിച്ച് നടപ്പാക്കിയ ഈ മുന്നേറ്റത്തിലൂടെ, യാത്രക്കാര്‍ക്ക് ഇപ്പോള്‍ വേഗതയേറിയ ഇന്റര്‍നെറ്റ്, ശക്തമായ സുരക്ഷ, ആധുനിക യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി തടസ്സമില്ലാത്ത ഡിജിറ്റല്‍ അനുഭവം എന്നിവ ലഭിക്കും. വൈഫൈ-7 സാങ്കേതികവിദ്യ വിന്യസിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം എന്ന നിലയില്‍ അഭിമാനിക്കുന്നതായി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് പ്രസ്താവനയില്‍ പറഞ്ഞു. കാര്യക്ഷമത വര്‍ധിപ്പിക്കുകയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അത്യാധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യയും സ്വീകരിക്കാനുള്ള തങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയെ ഈ നീക്കം പ്രതിഫലിപ്പിക്കുന്നതായും കമ്പനി പറഞ്ഞു.
ഗള്‍ഫ് പൗരന്മാര്‍ക്ക് ഡിപ്പാര്‍ച്ചര്‍ വിമാനത്താവളത്തില്‍ മാത്രം ഇമിഗ്രേഷന്‍, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന പ്രധാന സംരംഭമായ വണ്‍-സ്റ്റോപ്പ് (സിംഗിള്‍-പോയിന്റ്) യാത്രാ സംവിധാനം നടപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തയാറെടുക്കുന്ന സാഹചര്യത്തിലാണ് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് വൈഫൈ-7 സാങ്കേതികവിദ്യ ഏര്‍പ്പെടുത്തുന്നത്. യു.എ.ഇ-ബഹ്റൈന്‍ ഇടനാഴിയില്‍ വണ്‍-സ്റ്റോപ്പ് സംവിധാനത്തിന്റെ ആദ്യ പരീക്ഷണം 2025 ഡിസംബറില്‍ നടക്കാനിരിക്കുന്നതോടെ, മേഖലയിലുടനീളമുള്ള വിമാനത്താവളങ്ങള്‍ മുമ്പെന്നത്തേക്കാളും കൂടുതലായി ഡാറ്റ-ഹെവി, സിന്‍ക്രൊണൈസ്ഡ് പാസഞ്ചര്‍ പ്രോസസ്സിംഗ് കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ വൈഫൈ-7 ഒരു നിര്‍ണായക ഘടകമായി മാറും.
വിമാനത്താവളങ്ങള്‍ പോലുള്ള സങ്കീര്‍ണവും ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതുമായ പരിതസ്ഥിതികള്‍ക്കായി രൂപകല്‍പ്പന ചെയ്ത പ്രധാന നൂതനാശയങ്ങള്‍ വൈഫൈ-7 അവതരിപ്പിക്കുന്നു. വൈഫൈ-7, വൈഫൈ-6ഇ യേക്കാള്‍ അഞ്ചിരട്ടി വരെ വേഗതയേറിയ പ്രകടനം നല്‍കുന്നു. പരമാവധി വേഗത സെക്കന്‍ഡില്‍ 9.6 ജി.ബിയില്‍ നിന്ന് ശ്രദ്ധേയമായ 46 ജി.ബി ആയി ഉയര്‍ത്തുന്നു. അനുയോജ്യമായ ഉപകരണങ്ങളില്‍ അള്‍ട്രാ-സ്മൂത്ത് സ്ട്രീമിംഗ്, ദ്രുത ഡൗണ്‍ലോഡുകള്‍, ഗിഗാബിറ്റ്-പ്ലസ് പ്രകടനം എന്നിവ ആസ്വദിക്കാന്‍ ഈ അപ്ഗ്രേഡ് യാത്രക്കാരെ അനുവദിക്കുന്നു. വൈഫൈ-7 ഉപകരണങ്ങള്‍ക്ക് ഒരേസമയം 6 ജിഗാഹേര്‍ട്‌സ്, 5 ജിഗാഹേര്‍ട്‌സ്, 2.4 ജിഗാഹേര്‍ട്‌സ് ബാന്‍ഡുകള്‍ ഉപയോഗിക്കാനും അവക്കിടയില്‍ തത്സമയം മാറാനും കഴിയും. ഇത് ലേറ്റന്‍സി കുറക്കുകയും തിരക്കേറിയ യാത്രാ സമയങ്ങളില്‍ തിരക്ക് തടയുകയും ചെയ്യുന്നു. കൂടാതെ ജി.സി.സിയുടെ പുതിയ യാത്രാ മോഡലിന് കീഴില്‍ ആവശ്യമായ ബയോമെട്രിക് സിസ്റ്റങ്ങള്‍, ഇ-ഗേറ്റുകള്‍, ഐഡന്റിറ്റി വെരിഫിക്കേഷന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവക്കായി അതീവ വിശ്വസനീയമായ കണക്ഷനുകള്‍ ഉറപ്പാക്കുന്നു.
യാത്രക്കാരുടെ ഐഡന്റിറ്റി, സുരക്ഷ, യാത്രാ ഡാറ്റ എന്നിവയുടെ തല്‍ക്ഷണവും സുരക്ഷിതവുമായ പങ്കിടലിനെ ആശ്രയിച്ചാണ് വണ്‍-സ്റ്റോപ്പ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. വൈഫൈ-7 ന്റെ ശക്തമായ എന്‍ക്രിപ്ഷനും ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്തും ഈ വിവരങ്ങള്‍ വേഗത്തിലും സുരക്ഷിതമായും കൈമാറ്റം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു. വണ്‍-സ്റ്റോപ്പ് പദ്ധതി ആറ് അംഗരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ വിമാനത്താവളങ്ങള്‍ക്ക് ഗണ്യമായി ഉയര്‍ന്ന നെറ്റ്വര്‍ക്ക് ശേഷി ആവശ്യമായി വരും. വൈഫൈ-7 ന്റെ മള്‍ട്ടി-ജിഗാബൈറ്റ് പ്രകടനം ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ഈ പ്രാദേശിക മാറ്റത്തിന് ഭാവിയില്‍ അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നു.



