തെൽഅവീവ് – വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരായ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളെ അമേരിക്കൻ വിദേശ മന്ത്രി മാർക്കോ റൂബിയോ വിമർശിച്ചത് ഇസ്രായിലിൽ ആശങ്കയുണ്ടാക്കുന്നു. കുടിയേറ്റക്കാർ ഫലസ്തീനികൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ പ്രസിഡന്റെ ഡൊണാൾഡ് ട്രംപിന്റെ ഗാസയിലെ വെടിനിർത്തൽ പദ്ധതിയെ ബാധിപ്പിക്കുമെന്ന ആശങ്കയും റൂബിയോ പങ്കുവെച്ചിരുന്നു. എന്നാൽ ഇസ്രായിൽ സർക്കാർ വൃത്തങ്ങൾ വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങൾക്കെതിരെ അമേരിക്ക കടുത്ത നിലപാടിലേക്ക് നീങ്ങുന്നത് തടയേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.
അധിനിവേശ വടക്കൻ വെസ്റ്റ് ബാങ്കിലെ സൽഫിറ്റിന് പടിഞ്ഞാറ് ദെയ്ര് ഇസ്തിയയ്ക്കും കഫൽ ഹാരിസിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹജ്ജ ഹമീദ മസ്ജിദ് ജൂതകുടിയേറ്റക്കാർ കഴിഞ്ഞ ദിവസം ആക്രമിച്ചരുന്നു. മറ്റിടങ്ങളിൽ ആക്രമണം തുടരുകയാണ്. കുടിയേറ്റക്കാർ പള്ളിയുടെ ചില ഭാഗങ്ങൾ കത്തിക്കുകയും അതിന്റെ ചുവരുകളിൽ വംശീയ മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തു. മസ്ജിദിനു നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സൈന്യത്തെ അയച്ചെങ്കിലും പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഇസ്രായിൽ സൈന്യം പറഞ്ഞു. കേസ് ഇസ്രായിൽ പോലീസിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും കൈമാറിയതായും സൈന്യം കൂട്ടിച്ചേർത്തു.



