ദുബൈ– തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ പ്രവർത്തനം പ്രതിഫലിക്കുമെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ്. ഇടതുമുന്നണി വലിയവിജയം കൈവരിക്കും. മതനിരപേക്ഷത സംരക്ഷിക്കാൻ മുന്നിൽനിൽക്കുന്നത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ ‘മീറ്റ് ദ പ്രസി’ൽ സംസാരിക്കുകയായിരുന്നു ജയരാജൻ. പിഎംശ്രീയിൽ സർക്കാരിന്റെ നയം ഇനിയും മാധ്യമങ്ങൾക്ക് ശരിയായി മനസ്സിലായിട്ടില്ല. പണം തരില്ല എന്നുപറയുന്ന കേന്ദ്രനയത്തെയാണ് ആദ്യം എതിർക്കേണ്ടത്. കേന്ദ്രത്തിൽനിന്ന് പണം വാങ്ങാനാണ് സർക്കാർ ശ്രമിച്ചത്. പിഎംശ്രീ പദ്ധതിയെക്കുറിച്ച് വലിയ ചർച്ച നടന്നു എന്നത് സത്യമാണ്. വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു.
വിദ്യാഭ്യാസരംഗത്ത് ആർഎസ്എസിന്റെയോ കേന്ദ്രസർക്കാരിന്റെയോ അജൻഡ നടപ്പാക്കില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
താൻ ബിജെപിയിലേക്ക് പോകുന്നു എന്നുപ്രചരിപ്പിച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ്. നേതാക്കളെ വ്യക്തിത്വഹത്യ നടത്തുന്നത് പാർട്ടിയെ തകർക്കാൻവേണ്ടിയാണ്. മൂന്നാം മതും പിണറായിസർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസിൽ റോയി റാഫേൽ സ്വാഗതവും വനിതാ വിനോദ് നന്ദിയും പറഞ്ഞു.



