ദുബൈ – ദുബൈയില്‍ ആദ്യമായി പൈലറ്റ് അടങ്ങിയ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്റ് ലാന്‍ഡിംഗ് (ഇ-വിറ്റോള്‍) എയര്‍ ടാക്‌സി പരീക്ഷണ പറക്കല്‍ നടത്തി. മര്‍ഗമില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അല്‍മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം, അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍തായര്‍, ഏരിയല്‍ ടാക്‌സി പദ്ധതിയുടെ പുരോഗതിയെ കുറിച്ച് ശൈഖ് ഹംദാനെ അറിയിച്ചു. ജോബി ഏവിയേഷന്‍ ഇന്‍കോര്‍പ്പറേറ്റഡ് ആണ് ദുബൈയിലെ മരുഭൂപ്രദേശത്ത് പദ്ധതിയുടെ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ നടത്തുന്നത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങള്‍ക്കിടയില്‍ എയര്‍ ടാക്‌സിയുടെ ആദ്യ സര്‍വീസ് കമ്പനി അടുത്തിടെ പൂര്‍ത്തിയാക്കി. അടുത്ത ഘട്ടത്തില്‍ നഗരപ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ദുബൈയില്‍ എയര്‍ ടാക്‌സി പരീക്ഷണത്തിന്റെ വ്യാപ്തി വികസിപ്പിക്കുന്നതില്‍ ഈ നാഴികക്കല്ല് ഒരു നിര്‍ണായക ഘട്ടമായി അടയാളപ്പെടുത്തുന്നു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായും ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായും സഹകരിച്ച് 2026 ല്‍ എയര്‍ ടാക്‌സി പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങള്‍ ആരംഭിക്കുന്നതിന് ഈ പരീക്ഷണ വിജയം വഴിയൊരുക്കും.
വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ ടാക്‌സി പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാണ്. ഇത് സുരക്ഷ, വേഗത എന്നിവ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് എയര്‍ ടാക്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതില്‍ ആറ് പ്രൊപ്പല്ലറുകളും നാല് സ്വതന്ത്ര ബാറ്ററി പാക്കുകളും അടങ്ങിയിരിക്കുന്നു. ഇത് 160 കിലോമീറ്റര്‍ പറക്കല്‍ ശ്രേണിയും മണിക്കൂറില്‍ 320 കിലോമീറ്റര്‍ പരമാവധി വേഗതയും പ്രാപ്തമാക്കുന്നു. പൈലറ്റിന് പുറമേ നാല് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്തിന് കഴിയും.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം 3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നാല് നിലകളിലായി ആദ്യത്തെ സൗകര്യം സ്‌കൈപോര്‍ട്ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നു. വാഹന പാര്‍ക്കിംഗിനായി രണ്ട് നിലകളും ടേക്ക് ഓഫിനും ലാന്‍ഡിംഗിനുമായി രണ്ട് പ്രത്യേക പാഡുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത, യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. തങ്ങളുടെ പദ്ധതികളില്‍ കൂടുതല്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ വികസിപ്പിക്കുന്നതിന് പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരുമായി നിലവില്‍ ഏകോപനം നടക്കുന്നു.
ബഹ്റൈനിലും വൈകാതെ എയര്‍ ടാക്‌സികൾ എത്തും. 2027ഓടുകൂടി ആദ്യത്തെ ഇലക്ട്രിക് ഫ്ലൈയിങ് ടാക്സി ലോഞ്ച് ചെയ്യുമെന്ന് ബഹ്റൈൻ പ്രഖ്യാപിച്ചു. ബ്രസീൽ ആസ്ഥാനമായുള്ള ഈവ് എയർ മൊബിലിറ്റിയുമായി ആണ് കരാർ ഒപ്പുവെച്ചത്.



