കണ്ണൂർ – കണ്ണൂരിൽ വയോധികയുടെ വോട്ട് സി.പി.എം നേതാവ് ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കല്യാശ്ശേരിയിലെ എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വോട്ടിലാണ് രഹസ്യ സ്വഭാവം നഷ്ടപ്പെടുന്ന വിധത്തിലുള്ള ഇടപെടൽ ഉണ്ടായത്. അഞ്ചാം പീടിക കപ്പോട് കാവിലെ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും പോളിംഗ് ഏജൻ്റുമായ ഗണേശൻ വോട്ടിങ് നടപടിയിൽ ഇടപെട്ടു എന്നാണ് പരാതി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റൻ്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വീട്ടിലെത്തിയുള്ള വോട്ടിൽ രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥരെയാണ് ജില്ലാ കലക്ടർ അരുൺ കെ.വിജയൻ സസ്പെന്റ് ചെയ്തത്. കൂടാതെ കൂടുതൽ അന്വേഷണത്തിന് വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.
നിയമ വിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തിരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനൽ നടപടികൾ എടുക്കുന്നതിനായി കണ്ണപുരം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.