വാഷിംഗ്ടണ്‍ – മിഡില്‍ ഈസ്റ്റ് സമാധാനത്തിനായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്രായിലും മുസ്‌ലിം രാജ്യങ്ങളും തമ്മിലുള്ള അബ്രഹാം കരാറില്‍ ചേരുമെന്ന് കസാക്കിസ്ഥാന്‍ അറിയിച്ചു. മധ്യേഷ്യന്‍ രാജ്യമായ കസാക്കിസ്ഥാന് പതിറ്റാണ്ടുകളായി ഇസ്രായിലുമായി നയതന്ത്ര ബന്ധമുണ്ട്. കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവിനെയും മറ്റ് നാല് മധ്യേഷ്യന്‍ രാജ്യങ്ങളുടെ നേതാക്കളെയും വൈറ്റ് ഹൗസില്‍ ട്രംപ് സ്വീകരിക്കുന്നതിനിടെ അബ്രഹാം കരാറില്‍ കസാക്കിസ്ഥാന്‍ ചേരുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അബ്രഹാം കരാറില്‍ ചേരുന്നത് സ്വാഭാവികവും യുക്തിസഹവുമാണെന്ന് കസാക്കിസ്ഥാന്‍ വ്യക്തമാക്കി.
സംവാദം, പരസ്പര ബഹുമാനം, പ്രാദേശിക സ്ഥിരത എന്നിവയില്‍ അധിഷ്ഠിതമായ കസാക്കിസ്ഥാന്റെ വിദേശനയ സമീപനത്തിന്റെ സ്വാഭാവികവും യുക്തിസഹവുമായ തുടര്‍ച്ചയാണ് അബ്രഹാം കരാറുകളിലേക്കുള്ള ഞങ്ങളുടെ പ്രവേശനമെന്ന് കസാക്കിസ്ഥാന്‍ ഗവണ്‍മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
പുതിയൊരു രാജ്യം അബ്രഹാം കരാറില്‍ ചേരുമെന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നേരത്തെ പറഞ്ഞിരുന്നു. 2020 ല്‍ യു.എ.ഇ, ബഹ്റൈന്‍, മൊറോക്കോ എന്നിവ ഇസ്രായിലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ യഥാര്‍ഥ അബ്രഹാം കരാറുകള്‍ക്ക് ശേഷം കരാറില്‍ ചേരുന്ന ആദ്യത്തെ രാജ്യമായിരിക്കും കസാക്കിസ്ഥാന്



