ജിദ്ദ- സൗദി അറേബ്യയിൽ ബിസിനസ് മേഖലയിലെ നൂതന സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്താനും മലയാളി സംരംഭകർക്ക് പ്രായോഗിക പഠനവും നെറ്റ്‌വർക്കിംഗും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് (ബി.ഐ.ജി) ഈ മാസം 29ന് ജിദ്ദയിൽ ബിഗ് കോൺക്ലേവ് 2.0 സംഘടിപ്പിക്കുന്നു. ജിദ്ദയിലെ വോക്കോ ഹോട്ടലിൽ വൈകിട്ട് ആറു മുതൽ പത്തു വരെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബിഗ് കമ്യൂണിറ്റി അംഗങ്ങൾ, മലയാളി എസ്.എം.ഇ ഉടമകൾ എന്നിവരെ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
AI കാലഘട്ടത്തിലെ ഇ-കൊമേഴ്സ് വഴിയുള്ള ബിസിനസ് വളർച്ച എന്ന വിഷയത്തിൽ എ.ഐ മേഖലയിലെ വിദഗ്ധനും EDAPT, കേരള സി.ഇ.ഒയുമായ ഉമർ അബ്ദുസ്സലാം ക്ലാസെടുക്കും. സൗദിയിലെ വേഗതയാർന്ന ഡിജിറ്റലൈസേഷൻ, ഇ-കൊമേഴ്സ് വളർച്ച, മലയാളി സംരംഭകർക്ക് അതിൽ ആത്മവിശ്വാസത്തോടെ പങ്കാളികളാകാനുള്ള മാർഗങ്ങൾ എന്നിവയെ കുറിച്ച് ഉമർ ക്ലാസെടുക്കും. ഇ-കൊമേഴ്സ് രംഗത്തേക്ക് പ്രവേശിക്കുന്നതെങ്ങനെ, അതിന്റെ ബിസിനസ് വളർച്ചയിൽ ഉണ്ടാക്കുന്ന സ്വാധീനം, പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാനുള്ള ഭയം എങ്ങനെ മറികടക്കാം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും.
എസ്.എം.ഇകളുടെ ഫണ്ടിംഗ് & സ്കെയിലിംഗ് ഓപ്ഷനുകൾ എന്ന വിഷയത്തിൽ സാജിദ് പരക്കൽ (ഹെഡ് ഓഫ് ക്രെഡിറ്റ് & ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ്, അൽ ജസീറ ബാങ്ക്) ക്ലാസെടുക്കും. എസ്.എം.ഇകളുടെ ധനസഹായ മാർഗങ്ങൾ – ബാങ്ക് ഫസിലിറ്റികൾ, വെഞ്ചർ ക്യാപിറ്റൽ, റവന്യൂ-ബേസ്ഡ് ഫിനാൻസിംഗ്, സർക്കാർ സഹായ പദ്ധതികൾ, വർക്ക് ക്യാപിറ്റൽ മാനേജ്മെന്റ് തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കും.
സൗദി അറേബ്യ അതിവേഗം പുരോഗമിക്കുമ്പോൾ, സൗദിയിലുള്ള മലയാളി വ്യവസായ സംരംഭകർക്ക് അവരുടെ ബിസിനസ്സ് പുതിയ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുത്തണം. പുതിയ മാറ്റങ്ങൾ അവരുടെ മേഖലകളിൽ പ്രതിഫലിപ്പിക്കാനുമുള്ള സമയമാണിത്. മലയാളി സംരംഭകർ അവരുടെ തന്ത്രങ്ങൾ മാറ്റുന്നതും വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ ബിസിനസ്സ് രീതികളുമായി പൊരുത്തപെടേണ്ടതുണ്ടണെന്നും സംഘാടകർ പറഞ്ഞു. പത്രസമ്മേളനത്തിൽ സിജി ചെയർമാൻ എൻജിനീയർ മുഹമ്മദ് കുഞ്ഞി, സിജി ജിദ്ദ ചാപ്റ്റർ വൈസ് ചെയർമാൻ എൻജിനീയർ മുഹമ്മദ് ബൈജു, ബി.ഐ.ജി ഹെഡ് കെ.എം റിയാസ്, പ്രോഗ്രാം കൺവീനർ അഷ്റഫ് കുന്നത്ത്, ഡെപ്യൂട്ടി ഹെഡ് അഷ്ഫാഖ് മേലേക്കണ്ടി എന്നിവർ പങ്കെടുത്തു.
രജിസ്ട്രേഷന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക



