വാഷിംഗ്ടണ്‍ ഡിസി- മംദാനിയുടെ പ്രസംഗം കോപാകുലമായിരുന്നുവെന്നും ഇത് മോശം തുടക്കമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ബ്രൂക്ലിനില്‍ ഫോക്‌സ് ന്യൂസുമായി സംസാരിക്കവെയായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം. അമേരിക്കന്‍ പ്രസിഡന്റിനോട് നല്ല നിലയില്‍ ആയില്ലെങ്കില്‍ പലതും തടയുമെന്ന സൂചന കുടി അദ്ദേഹം നല്‍കി.
സൊഹ്‌റാന്‍ മംദാനിയുടെ പ്രസംഗം കേട്ടിരുന്നില്ലേ.. എന്ന ചോദ്യത്തിന് ട്രംപിന്റെ മറുപടി ഇങ്ങിനെയായിരുന്നു: ” അത് ‘വളരെ കോപാകുലമായ ഒരു പ്രസംഗമായിരുന്നു’ എന്നും പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടയാള്‍ യുഎസ് പ്രസിഡന്റിനോട് ‘നല്ലവനാകണം’. കാരണം മംദാനിക്ക് വരുന്ന ‘പല കാര്യങ്ങളും അമേരിക്കന്‍ പ്രസിഡന്റ് അംഗീകരിക്കേണ്ടവയാണ് എന്ന ബോധ്യമുണ്ടാകണം. വളരെ കോപാകുലമായ ഒരു പ്രസംഗമാണ് മംദാനി നടത്തിയതെന്ന് മാത്രമല്ല എന്നോടുള്ള ദേഷ്യം പ്രകടിപ്പിക്കുന്നത് കൂടിയായി അത് മാറി. അദ്ദേഹം ഒരു മോശം തുടക്കമാണ് നടത്തിയത്.”- ട്രംപ് ഫോക്‌സ് ന്യൂസിനോട് വ്യക്തമാക്കി. മംദാനി ‘നന്നായി’ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമുണ്ടായിരുന്നത്. അദ്ദേഹം ന്യൂയോര്‍ക്കിനെ സ്‌നേഹിച്ചിരുന്നു, പക്ഷേ മംദാനി ഒരു ‘കമ്മ്യൂണിസ്റ്റ്’ ആയി ആവര്‍ത്തിക്കുകയാണ്. ആയിരം വര്‍ഷത്തെ ചരിത്രം പരിശോധിച്ചാലും കമ്മ്യൂണിസം വിജയിച്ചിട്ടില്ല എന്ന് കാണാനാവും. ‘നിങ്ങള്‍ക്കറിയാമോ, പുതിയ മേയര്‍ നന്നായി ചെയ്യുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ഞാന്‍ ന്യൂയോര്‍ക്കിനെ സ്‌നേഹിക്കുന്നു. എനിക്ക് ന്യൂയോര്‍ക്കിനെ ശരിക്കും ഇഷ്ടമാണ്.” ട്രംപ് വിശദീകരിച്ചു.
അതിനിടെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയിച്ചതോടെ അമേരിക്കയ്ക്ക് അതിന്റെ ‘പരമാധികാരം’ നഷ്ടപ്പെട്ടുവെന്നും ന്യൂയോര്‍ക്ക് സിറ്റി കമ്മ്യൂണസത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. മിയാമിയിലെ ഒരു ബിസിനസ് പരിപാടിയില്‍ കഴിഞ്ഞ ദിവസം സംസാരിക്കുകയായിരുന്നു ട്രംപ്. കമ്മ്യൂണിസത്തിലേക്ക് പോവുന്ന ഈ സാഹചര്യം പരിഹരിക്കുമെന്ന് പറഞ്ഞ ട്രംപ് അതെങ്ങിനെയെന്ന് വിശദീകരിച്ചില്ല. ”ഞങ്ങള്‍ അത് നോക്കിക്കൊള്ളാം,” എന്നായിരുന്നു പരാമര്‍ശം. നേരത്തെ വാഷിംഗ്ടണുമായി ഒരു പുതിയ ബന്ധം തേടണം അല്ലെങ്കില്‍ പലതും നഷ്ടപ്പെടുമെന്നും വ്യംഗമായ ഭീഷണിയോടെ ട്രംപ് പറഞ്ഞിരുന്നു.
ന്യൂയോര്‍ക്ക് സിറ്റിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ജയംവരിച്ച മംദാനി തന്റെ വിജയ പ്രസംഗത്തിനിടെ പ്രസിഡന്റ് ട്രംപിനോട് നേരിട്ട് പറഞ്ഞത് ഇങ്ങിനെയായിരുന്നു. ”നമ്മളില്‍ ആരെയെങ്കിലും സമീപിക്കണമെങ്കില്‍, നിങ്ങള്‍ ഞങ്ങളെയെല്ലാം കടന്നുപോകേണ്ടിവരും.” ശേഷം ‘എനിക്ക് അദ്ദേഹത്തോട് നാല് വാക്കുകള്‍ പറയാനുണ്ട്: ശബ്ദം കൂട്ടുക.’ എന്ന് വ്യക്തമാക്കിയ ശേഷം അഭയാര്‍ത്ഥികളുടെ നഗരമാണെന്നും അഭയാര്‍ത്ഥികള്‍ തന്നെ ഭരിക്കുമെന്നുമുള്‍പ്പെടെ മംദാനി പറഞ്ഞു. വിജയാഘോഷ ആരവങ്ങള്‍ക്കിടയിലായിരുന്നു ഈ പ്രതികരണം.



