തെൽഅവീവ് – ഗാസ മുനമ്പിലെ വെടിനിർത്തൽ നിരീക്ഷിക്കുന്നത് ദുഷ്‌കരമെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. ആശയവിനിമയം, ഏകോപനം, സുതാര്യത എന്നിവ ആവശ്യമുള്ള കാര്യമാണ് നിരീക്ഷണമെന്ന് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് തുൾസി ഗബ്ബാർഡ് പറഞ്ഞു. വർഷങ്ങൾക്കു ശേഷം ഇസ്രായിലിൽ മാത്രമല്ല മിഡില്ഡ ഈസ്റ്റിലും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിവിൽ മിലിട്ടറി കോ ഓർഡിനേറ്റർ സെന്ററിൽ നടത്തിയ സന്ദർശനത്തിന് ശേഷം ഫോക്‌സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു തുൾസി ഗബ്ബാർഡ്. ഗാസ മുനമ്പിൽ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം ആസൂത്രണം ചെയ്യാനും നടപ്പാക്കാനും യുഎസ് സേന പ്രവർത്തിക്കുന്നതിനിടെയാണ് ഇസ്രായിലിൽ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് ഗബ്ബാർഡിന്റെ സന്ദർശനം.
റഫയിലെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 200ഓളം ഹമാസ് പോരാളികളെ സുരക്ഷിതമായി പുറത്തുപോകാൻ സമ്മതിക്കാമെന്ന ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശം മന്ത്രിമാരും പ്രതിപക്ഷത്തവും രൂക്ഷമായി വിമർശിച്ചു. നെതന്യാഹുവിന്റെ തീരുമാനത്തെ മണ്ടത്തരമെന്ന് ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് വിശേഷിപ്പിച്ചു. ആദ്യ നിലപാടിൽ നിന്ന് പിന്മാറരുതെന്ന് അമേരിക്കൻ, ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥർ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.
ഹമാസ് അംഗങ്ങളെ വിട്ടയക്കുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ വിജയത്തിലെ നിർണായക ഘട്ടമാകുമെന്നും, അതിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കാനും രണ്ടാം ഘട്ടത്തിലേക്ക് മാറാൻ അനുവദിക്കുമെന്നും മധ്യസ്ഥർ പറയുന്നു.
എന്നാൽ മധ്യസ്ഥരുടെ അഭ്യർഥന അംഗീകരിച്ചിട്ടില്ലെന്ന് ഇസ്രായിൽ സർക്കാരിനുള്ളിലെ രാഷ്ട്രീയ സ്രോതസ്സ് വ്യക്തമാക്കി. ഈ തീവ്രവാദികളെയെല്ലാം ഇല്ലാതാക്കണം എന്ന കാര്യത്തിൽ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിറിന്റെ നിലപാട് വ്യക്തവും നിർണായകവുമാണെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായിലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു.
യെല്ലോ ലൈൻ പ്രദേശത്തിനുള്ളിലെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഹമാസ് അംഗങ്ങളെ, അറസ്റ്റ് ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യാതെ, ആയുധങ്ങൾ കൈവശം വെക്കരുതെന്ന വ്യവസ്ഥയോടെ ഗാസ മുനമ്പിലെ അവരുടെ താവളങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കാൻ നെതന്യാഹുവിന്റെ അംഗീകാരത്തോടെ ഇസ്രായിൽ സൈന്യം ഉദ്ദേശിക്കുന്നതായി ഔദ്യോഗിക ചാനൽ കാൻ 11 നേരത്തെ വെളിപ്പെടുത്തിയിരുന്നു.



