തെഹ്‌റാൻ– അമേരിക്ക തകർത്ത ആണവ കേന്ദ്രങ്ങൾ കൂടുതൽ കരുത്തോടെ പുനർനിർമ്മിക്കുമെന്നും ആണവായുധങ്ങൾ സ്വന്തമാക്കാൻ ഇറാൻ ശ്രമിക്കുന്നില്ലെന്നും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാൻ. ആണവ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളുടെയും ഫാക്ടറികളുടെയും തകർച്ച ഞങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കില്ല. ഇറാനിലെ ആണവോർജ സംഘടന സന്ദർശിച്ച് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ജൂണിൽ അമേരിക്ക ബോംബിട്ട് തകർത്ത ആണവ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാൻ ഇറാൻ ശ്രമിച്ചാൽ ഇറാൻ ആണവ കേന്ദ്രങ്ങളിൽ പുതിയ ആക്രമണങ്ങൾക്ക് ഉത്തരവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ജൂണിലാണ് ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയത്.
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അമേരിക്ക പറയുന്നു. എന്നാൽ തങ്ങളുടെ ആണവ പദ്ധതി പൂർണമായും സിവിലിയൻ ആവശ്യങ്ങൾക്കുള്ളതാണെന്ന് ഇറാന്റെ വാദം. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക, രോഗങ്ങൾക്കെതിരെ പോരാടുക, പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് ഇറാന്റെ ആണവ പ്രവർത്തനങ്ങളെ പരാമർശിച്ചുകൊണ്ട് പെസെഷ്‌കിയാൻ പറഞ്ഞു.



