ജിദ്ദ– ഖമീസ് മുശൈത്തിനടുത്ത ബീഷയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ഉത്തർപ്രദേശ് ജോൻപൂർ സ്വദേശി കലീം അഹ്‌മദിന്റെ (55) മൃതദേഹം ഐസിഎഫ് വെൽഫെയർ പ്രവർത്തകരുടെ ഇടപെടലിലൂടെ ഖബറടക്കി. ഒക്ടോബർ 5-ന് മരണപ്പെട്ട കലീമിന്റെ മൃതദേഹം 22 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഐസിഎഫ് വെൽഫെയർ ആന്റ് സർവീസ് ഭാരവാഹികൾ ഇടപെടുകയായിരുന്നു. തുടർന്ന് നിയമപരമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. ഒക്ടോബർ 28ന് തസ്‌ലീസ് ബലദിയ മഖ്‌ബറയിലാണ് അന്ത്യകർമ നടത്തിയത്. ചടങ്ങിൽ ഐ സി എഫ് നേതാക്കളും പ്രവർത്തകരും ബന്ധുക്കളും പങ്കെടുത്തു.
എക്സിറ്റിൽ പോയ ശേഷം പുതിയ വിസയിൽ മൂന്ന് വർഷം മുമ്പാണ് കലീം അഹ്‌മദ് സൗദിയിൽ തിരിച്ചെത്തിയത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നസീമയാണ് ഭാര്യ. മക്കൾ: ഉമ്മുകുത്സും, സീനത്ത്, മുഹമ്മദ് കഫീൽ.
ഖമീസ് മുശൈത്തിൽ ഹഖീം അഷ്‌റഫി, നിയാസ് സികെ, മുജീബ് കർണാടക, ഷക്കീൽ യുപി എന്നിവരും, ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട നിയമ കാര്യങ്ങൾ ഏകോപിപ്പിച്ച് ഐസിഎഫ് വെസ്റ്റ് വെൽഫെയർ & സർവീസ് സെക്രട്ടറി അബുമിസ്ബാഹ് ഐക്കരപ്പടി, ജിദ്ദ റീജിയണൽ വെൽഫെയർ & സർവീസ് സെക്രട്ടറി ഹനീഫ ബെർക്ക, മുഹമ്മദ് സഖാഫി ഉഗ്രപുരം എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



