മസ്‌കത്ത് – അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ
അഞ്ച് പേരെ ഒമാന്‍ റോയല്‍ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് തടയാനായി നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്. വിദേശങ്ങളില്‍ നിന്ന് ഒമാനിലേക്ക് മയക്കുമരുന്ന് കടത്തുന്നതിലും രാജ്യത്തിനുള്ളില്‍ വിതരണം ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ അംഗങ്ങളാണ് ഏഷ്യന്‍ വംശജരായ പ്രതികളെന്ന് സംശയിക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാനായി ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ കോംപാറ്റിംഗ് ഡ്രഗ്‌സ് നടത്തിയ റെയ്ഡുകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ 2.56 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒമാന്‍ പോലീസ് പുറത്തുവിട്ടു.
അതിര്‍ത്തി വഴി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തെ സംശയാസ്പദമായ നീക്കങ്ങള്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തടയുകയായിരുന്നെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ത സമയങ്ങളിലായാണ് അഞ്ച് പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. സൗത്ത് അല്‍ബത്തീന പോലീസ് കമാന്‍ഡിന്റെ സഹകരണത്തോടെയായിരുന്നു അറസ്റ്റ്. കഴിഞ്ഞ മാസം 24 കിലോഗ്രാമിലധികം മയക്കുമരുന്നുമായി മറ്റൊരു അറബ് വംശജന്‍ ഒമാനില്‍ അറസ്റ്റാലിയിരുന്നു. യാത്രാ ബസില്‍ രണ്ട് ബാഗുകളിലായി മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.



