പാലക്കാട്– ഭൂമി കുംഭകോണത്തിൽ 313 കോടിയുടെ തട്ടിപ്പ് നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധങ്ങൾ ശക്തമാവുന്നു. സ്വന്തം പാർട്ടിയായ ബിജെപിയിൽ നിന്ന് വരെ രാജീവിനെതിരെ നടപടി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖരനെ കൂടാതെ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബി.പി.എൽ ഇന്ത്യ ലിമിറ്റഡ്, അജിത് ഗോപാൽ നമ്പ്യാർ, ഭാര്യ അഞ്ജലി രാജീവ് ചന്ദ്രശേഖർ, മുൻ കർണാടക മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു എന്നിവർക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകൻ ജഗദേഷ് കുമാർ പരാതി സമർപ്പിച്ചിരുന്നു.
1995ൽ ബി.പി.എൽ കളർ ടെലിവിഷൻ കർഷകരിൽനിന്ന് തുച്ഛവിലക്ക് ഏറ്റെടുത്ത 175 ഏക്കറിൽ 149 ഏക്കർ ഭൂമിയും ബാങ്ക് ഓഫ് ബഹ്റൈനിലും ബാങ്ക് ഓഫ് കുവൈത്തിലും 2004ൽ പണയം വെച്ചുവെന്ന് പരാതിയിലുണ്ട്. ട്യൂബുകളും ബാറ്ററികളും ഉണ്ടാക്കാനെന്ന പേരിലാണ് കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്മെന്റ് ബോർഡിൽ (കെ.ഐ.എ. ഡി.ബി) നിന്ന് ഇവർ ഈ ഭൂമി വാങ്ങിയിരുന്നത്. വ്യവസായ ആവശ്യത്തിന് നേടിയെടുത്ത ഭൂമി വിൽപന നടത്താൻ ബി.പി.എൽ ഇന്ത്യക്ക് അനുമതി നൽകിയത് കെ.ഐ.എ.ഡി.ബി ചുമതലയുണ്ടായിരുന്ന കർണാടക മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡുവെന്നാണ് ജഗദേഷ് കുമാർ പരാതിയിൽ പറയുന്നു. തുടർന്ന് ഈ ഭൂമി 2006ൽ മാരുതി സൂസൂകിക്ക് 275.47 കോടി രൂപക്ക് വിറ്റുവെന്നും അതിനായി രാജീവ് ചന്ദ്രശേഖർ തൻ്റെ രാഷ്ട്രീയ ബന്ധമുപയോഗിച്ചെന്നും ജഗദേഷ് സമർപ്പിച്ച പരാതിയിലുണ്ട്.
ബാക്കി ഭൂമിയിലെ 33 ഏക്കർ 2009-10 കാലയളവിൽ മാരുതി സുസുകിക്ക് 31 കോടി രൂപക്കും 25 ഏക്കർ ഭൂമി 33.5 കോടി രൂപക്ക് ജിൻഡാൽ അലൂമിനിയം ലിമിറ്റഡിനും രാജീവ് ചന്ദ്രശേഖരൻ മറിച്ചുവിറ്റു. അതിനാൽ തന്നെ ബി.പി.എൽ ഇന്ത്യ ഭൂമി ഇത്തരത്തിൽ മറിച്ചുവിറ്റതിൽ അന്വേഷണം നടത്തണമെന്നും ജഗദേഷ് ആവശ്യപ്പെട്ടു.
മുമ്പ് കർണാടകയിലെ കോൺഗ്രസ് സർക്കാറും, കർണാടക ലോക്അദാലത് എന്നിവരെല്ലാം കർണാടക ഹൈക്കോടതി, സിബിഐ, ഇ. ഡി എന്നിവർക്കെല്ലാം പരാതി സമർപ്പിച്ചിരുന്നു. കേരള ബിജെപി അധ്യക്ഷനായ രാജീവ് ചന്ദ്രശേഖരനെതിരെ കേരളത്തിലെ പലയിടത്തും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഇന്ന് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
എന്നാൽ ബി.പി.എൽ കമ്പനി പരാതികളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കമ്പനിയിൽ നേരിട്ട് ബന്ധമില്ലാത്ത രാജീവ് ചന്ദ്രശേഖരനെതിരെയുള്ള പരാതി രാഷ്ട്രീയപരമായ നീക്കമാണെന്നും സുപ്രീംകോടതി തള്ളിയ കേസാണ് ഇതൊന്നും ബി.പി.എൽ വ്യക്തമാക്കിയിട്ടുണ്ട്.



