റിയാദ്– ഇഖാമ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയും പിന്നീട് രോഗബാധിതനാവുകയും ചെയ്ത ആന്ധ്ര സ്വദേശിക്ക് നാടണയാന്‍ കൈത്താങ്ങായി മലയാളി നഴ്‌സും ഇന്ത്യന്‍ എംബസിയും.
കഴിഞ്ഞ വര്‍ഷം പോലീസ് പരിശോധനക്കിടെ അറസ്റ്റിലായ ആന്ധ്രപ്രദേശ് നാണ്ടിയാല്‍ സ്വദേശി ജാക്കീര്‍ ബാഷ (43)ക്ക് ജയിലില്‍ വച്ച് പക്ഷാഘാതം ബാധിക്കുകയും തുടര്‍ന്ന് ജയില്‍ അധികൃതര്‍ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരു വര്‍ഷത്തോളമായി ചികിത്സയില്‍ കഴിഞ്ഞ ജാക്കീര്‍ ആറുമാസത്തോളം അബോധാവസ്ഥയിലായിരുന്നു. ഈ കാലയളവിൽ അദ്ദേഹത്തിന് തുണയായത് ആശുപത്രിയിലെ നഴ്‌സുമാരാണ്.
നിര്‍ധനരായ കുടുംബം ജാക്കീര്‍ ബാഷയെ നാട്ടിലെത്തിക്കാനുള്ള സഹായം തേടി ഇന്ത്യന്‍ എംബസിയെ സമീപിച്ചതിനെ തുടർന്ന് എംബസി നടപടികള്‍ക്കായി കേളി കലാസാംസ്‌കാരിക വേദിയെ സമീപിച്ചിരുന്നു.
കേളിയുടെ ജീവകാരുണ്യ വിഭാഗം ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചപ്പോയാണ് ജാക്കീര്‍ ബാഷ ജയിൽ അധികൃതരുടെ കീഴിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് കണ്ടെത്തിയത്. അതിനാൽ തന്നെ ചില നിയമനടപടികൾ പൂർത്തിയാക്കേണ്ടിവന്നു. എംബസിയിലെ ജയില്‍വിഭാഗം ഉദ്യോഗസ്ഥന്‍ സവാദ് യൂസഫ് കാക്കഞ്ചേരിയും തര്‍ഹീല്‍ വിഭാഗം ഉദ്യോഗസ്ഥന്‍ ഷറഫുദ്ദീന്റെയും ഇടപെടൽ നടപടി വേഗത്തിലാക്കി.
മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം സ്ട്രക്ചര്‍ സൗകര്യത്തോടു കൂടി ഒരു നഴ്‌സിന്റെ സഹായത്തോടെ മാത്രമേ ജാക്കീര്‍ ഭാഷയെ നാട്ടിലെത്തിക്കാനാകൂവെന്ന് വ്യക്തമാവുകയും കേളിയുടെ അഭ്യര്‍ഥന മാനിച്ച് റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും കൊല്ലം ജില്ല കൊളത്തൂപ്പുഴ സ്വദേശിനിയുമായ മോനിഷ സദാശിവം രോഗിയെ അനുഗമിക്കാന്‍ തയ്യാറായി. തുടർന്ന് ആശുപത്രിയില്‍ നിന്ന് അവധി എടുത്ത മോനിഷ ഹൈദരാബാദ് വരെ രോഗിയുടെ കൂടെയുണ്ടായിരുന്നു.
‘താന്‍ തെരഞ്ഞെടുത്ത തൊഴില്‍മേഖലയെ അന്വര്‍ത്ഥമാക്കി’ മറ്റൊരു സഹജീവിക്ക് കൈത്താങ്ങാവാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ടെന്ന് മോനിഷ സദാശിവം പറഞ്ഞു.
കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ജാക്കീര്‍ ബാഷയെ നാട്ടിലെത്തിച്ചത്. യാത്രക്കാവശ്യമായ ടിക്കറ്റും മറ്റു ചെലവുകളും ഇന്ത്യന്‍ എംബസി വഹിച്ചു.



