ഗാസ – ഗാസയുടെ ഉപരിതലത്തില്‍ പൊട്ടാതെ കിടക്കുന്ന ബോംബുകള്‍ നീക്കം
ചെയ്യാന്‍ 30 വര്‍ഷം വരെ എടുക്കുമെന്ന് അന്താരാഷ്ട്ര സംഘടന. ഇസ്രായിലും ഹമാസും തമ്മിലുള്ള രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ അവശേഷിച്ച മാരകമായ ആയുധങ്ങള്‍ മൂലം 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസയുടെ നിയന്ത്രണത്തിലുള്ള ഡാറ്റാബേസ് വ്യക്തമാക്കുന്നു. ഇത് യഥാര്‍ഥ മരണ സംഖ്യയെക്കാള്‍ ഏറെ കുറവാണെന്ന് സഹായ സംഘടനകള്‍ വിശ്വസിക്കുന്നു.
കോടിക്കണക്കിന് അവശിഷ്ടങ്ങളില്‍ നിന്ന് പൊട്ടാതെ കിടക്കുന്ന ബോംബുകളും മറ്റ് ആയുധങ്ങളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്യുക എന്ന ദൗത്യം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഈ മാസം അമേരിക്കയുടെ മധ്യസ്ഥതയിൽ ഉണ്ടായ വെടിനിർത്തൽ ഉയർത്തുന്നത്. അതേസമയം പൊട്ടിത്തെറിക്കാത്ത ബോംബുകളും ആയുധങ്ങളും പൂര്‍ണമായും നീക്കം ചെയ്യല്‍ സാധ്യമല്ലെന്ന് ഹ്യൂമാനിറ്റി ആന്റ് ഇന്‍ക്ലൂഷനിലെ സ്‌ഫോടനാത്മക ആയുധ നിര്‍മാര്‍ജന വിദഗ്ധനായ നിക്ക് ഓര്‍ പറഞ്ഞു. അവ ഭൂമിക്കടിയിലാണെന്നും അതെല്ലാം കണ്ടെത്തി നീക്കം ചെയ്യാന്‍ തലമുറകള്‍ കടന്നുപോകേണ്ടിവരുമെന്നും നിക്ക് കൂട്ടിച്ചേർത്തു.
അടുത്ത ആഴ്ച മുതല്‍ നിക്കും സംഘവും ഗാസയിലെ ആശുപത്രികള്‍, ഭക്ഷണശാലകൾ തുടങ്ങി അവശ്യ അടിസ്ഥാന സൗകര്യങ്ങളില്‍ യുദ്ധാവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങും. എന്നാൽ സഹായ സംഘടനകള്‍ക്ക് യുദ്ധോപകരണങ്ങള്‍ നീക്കം ചെയ്യാനും നശിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനോ ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനോ ഇതുവരെ ഇസ്രായിലില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന് നിക്ക് ഓര്‍ പറഞ്ഞു. ഇരട്ട ഉപയോഗ (സിവിലിയന്‍, സൈനിക) വസ്തുക്കള്‍ ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രായില്‍ വിലക്കുന്നു. ഹമാസ് പുനരുപയോഗിച്ചേക്കുമെന്ന ആശങ്കകള്‍ ഇല്ലാതാക്കാനായി, ബോംബുകള്‍ പൊട്ടിത്തെറിപ്പിച്ച് നിര്‍വീര്യമാക്കുന്നതിനു പകരം കത്തിക്കാനുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി തേടുകയാണെന്ന് നിക്ക് പറഞ്ഞു. ഇരുപതിന വെടിനിര്‍ത്തല്‍ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതു പോലുള്ള താല്‍ക്കാലിക അന്താരാഷ്ട്ര സേനയെ ഗാസ മുനമ്പില്‍ വിന്യസിക്കുന്നതിനെ തങ്ങള്‍ പിന്തുണക്കുന്നതായും നിക്ക് പറഞ്ഞു.



