ഗാസ – ഗാസയില്‍ ഹമാസിന് കണ്ടെത്താന്‍ കഴിയാത്ത ഇസ്രായിലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി തിരച്ചിൽ നടത്താന്‍ ദുരന്ത നിവാരണ വിദഗ്ധരെ വിന്യസിച്ച് തുർക്കി. 19 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ വലിയ കൂമ്പാരങ്ങളായി മാറിയ ഗാസയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക ഉപകരണങ്ങള്‍ എത്തിക്കേണ്ടിവരുമെന്ന് ഹമാസ് അറിയിച്ചു. തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സിയില്‍ നിന്നുള്ള 81 ജീവനക്കാരുടെ സംഘം ഗാസയിലുണ്ടെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ബന്ദികളുടെ മൃതദേഹങ്ങള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നതിന്റെ ചുമതല ടീമിനെ ഏല്‍പിച്ചതായും തുര്‍ക്കി അധികൃതര്‍ പറഞ്ഞു.
ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതില്‍ ഹമാസ് പരാജയപ്പെട്ടാല്‍ ഇസ്രായില്‍ യുദ്ധം പുനരാരംഭിക്കുമെന്നും ഹമാസിനെ പൂര്‍ണമായും പരാജയപ്പെടുത്തുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിന് കീഴില്‍, ജീവിച്ചിരുന്ന 20 ബന്ദികളെ ഹമാസ് ഇസ്രായിലിന് കൈമാറിയിട്ടുണ്ട്. തങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ച മരിച്ച ബന്ദികളുടെ എല്ലാ മൃതദേഹങ്ങളും തിരികെ നല്‍കിയതായും ശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാങ്കേതിക ഉപകരണങ്ങള്‍ ആവശ്യമാണെന്നും ഹമാസ് അറിയിച്ചിരുന്നു.
വെള്ളിയാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായില്‍ നടത്തിയ വെടിവെപ്പുകളിലും ആക്രമണങ്ങളിലും 24 പേര്‍ കൊല്ലപ്പെട്ടതായും നിയമ ലംഘനങ്ങളുടെ പട്ടിക മധ്യസ്ഥര്‍ക്ക് കൈമാറിയതായും മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ദുര്‍ബലപ്പെടുത്താന്‍ ഇസ്രായില്‍ രാവും പകലും പ്രവര്‍ത്തിക്കുന്നതായും ഹമാസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്നലെ രാത്രി തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ അധികൃതര്‍ അറിയിച്ചു.
ഫലസ്തീനികളെ ഗാസയിലേക്കും പുറത്തേക്കും കടത്തിവിടാനായി ഗാസയുടെ റഫ ക്രോസിംഗ് വീണ്ടും തുറക്കാന്‍ തയാറെടുക്കുകയാണെന്ന് ഇസ്രായില്‍ വ്യാഴാഴ്ച പറഞ്ഞു. എന്നാല്‍ അമേരിക്ക മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചതായി കുറ്റപ്പെടുത്തി റഫ ക്രോസിംഗ് തുറക്കാനുള്ള തീയതി ഇസ്രായില്‍ നിശ്ചയിച്ചിട്ടില്ല.
ഗാസയിലെ പലര്‍ക്കും, ബോംബാക്രമണം നിലച്ചതില്‍ ആശ്വാസം തോന്നിയെങ്കിലും, നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍, വീണ്ടെടുക്കലിലേക്കുള്ള വഴി അസാധ്യമാണ്. ശുദ്ധജലമില്ല, ജീവിതത്തിന് വേണ്ട അവശ്യവസ്തുക്കളൊന്നുമില്ല, ഭക്ഷണമില്ല, ശേഷിക്കുന്നത് അവശിഷ്ടങ്ങള്‍ മാത്രമാണ്. ഒരു നഗരം മുഴുവന്‍ നശിപ്പിക്കപ്പെട്ടു – വെടിനിര്‍ത്തലിന് ശേഷം ഗാസ നഗരത്തിലേക്ക് മടങ്ങിയ മുസ്തഫ മഹ്റം പറഞ്ഞു.
ഗാസയിലേക്ക് അടിയന്തിരമായി സഹായം, ഇന്ധനം, പാചകവാതകം, ദുരിതാശ്വാസ, മെഡിക്കല്‍ സാമഗ്രികള്‍ എന്നിവ ആവശ്യമാണെന്ന് ഗാസ മീഡിയ ഓഫീസ് മേധാവി ഇസ്മായില്‍ അല്‍സവാബ് അറിയിച്ചു. ഇസ്രായില്‍ ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളും മൂലം ഗാസയുടെ ഭൂരിഭാഗവും തരിശുഭൂമിയായി മാറിയിരിക്കുന്നു. ഗാസ യുദ്ധത്തില്‍ കുറഞ്ഞത് 67,967 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണ്.