ബൊഗോട്ട – ഇസ്റായിൽ-ഹമാസ് സമാധാന കരാര്‍ ഒപ്പിട്ടതിനു പിന്നാലെ, ഗാസ പുനർനിർമാണത്തിനായി മയക്കുമരുന്ന് കടത്ത് സംഘങ്ങളില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണം നൽകാൻ പ്രഖ്യാപിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. പിടിച്ചെടുത്ത സ്വര്‍ണം ഗാസയിലെ കുട്ടികളുടെ ചികിത്സക്കും മാനുഷിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനുമായി സംഭാവന ചെയ്യും. ഗാസയില്‍ രണ്ടു വര്‍ഷമായി നടന്ന യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് പെട്രോ തന്റെ എക്‌സ് അക്കൗണ്ടിലെ ഔദ്യോഗിക പോസ്റ്റില്‍ വിശദീകരിച്ചു.
നിയമവിരുദ്ധമായി ഉത്ഭവിച്ച സാധനങ്ങളും സ്വത്തുക്കളും കൈകാര്യം ചെയ്യുന്ന പ്രൈവറ്റ് അസറ്റ്‌സ് അസോസിയേഷനോട് സ്വർണം ഉടൻ നൽകാൻ നിർദേശിച്ചതായി പെട്രോ പറഞ്ഞു. അടിയന്തിര മാനുഷിക മുന്‍ഗണനകളുടെ ഭാഗമായി, സഹായ വിതരണം ത്വരിതപ്പെടുത്തുന്നതിന് യു.എസ് സൈന്യവുമായി ഏകോപനം നടത്തുമെന്നും പെട്രോ പറഞ്ഞു. പെട്രോ പലസ്തീൻ പ്രശ്‌നത്തിന് ദീർഘകാലമായി പിന്തുണ നൽകിയിട്ടുണ്ട്. ഇസ്രായേലിന്റെ സൈനിക നടപടിയെയും മാനുഷിക കുറ്റകൃത്യങ്ങളെയും പരസ്യമായി അപലപിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു.