ഗാസ – രണ്ട് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസ് ഇസ്രായിലിന് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ഹമാസ് സായുധ വിഭാഗം അറിയിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം തിങ്കളാഴ്ച ഹമാസ് 20 ബന്ദികളെ ഇസ്രായിലിന് കൈമാറി. പകരമായി, ഇസ്രായില്‍ ജയിലുകളിലെ ഏകദേശം 2,000 ഫലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു.
കഴിഞ്ഞ ദിവസം ഹമാസ് കൈമാറിയ മൃതദേഹങ്ങളിലൊന്ന് ബന്ദിയുടേതല്ലെന്ന് ഇസ്രായില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന എല്ലാ മൃതദേഹങ്ങളും കൈമാറിയതായും ഗാസയുടെ അവശിഷ്ടങ്ങളില്‍ നിന്ന് ബാക്കിയുള്ളവ വീണ്ടെടുക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമാണെന്നും ഹമാസ് സായുധ വിഭാഗം ബുധനാഴ്ച രാത്രി പറഞ്ഞു. കരാര്‍ പാലിക്കാനും എല്ലാ ബന്ദികളെയും തിരികെ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഹമാസ് ബാധ്യസ്ഥമാണെന്ന് ഇസ്രായില്‍ സൈന്യവും സുരക്ഷാ ഏജന്‍സിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നതിനെയും ഗാസയിലേക്കുള്ള സഹായത്തെയും ബന്ധിപ്പിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമേല്‍ ഇപ്പോള്‍ ആഭ്യന്തര സമ്മര്‍ദമുണ്ട്. ഗാസയില്‍ ശേഷിക്കുന്ന ഇസ്രായിലി സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെ നല്‍കുന്നതില്‍ ഹമാസ് പരാജയപ്പെട്ടാല്‍, ഗാസയിലേക്കുള്ള സഹായ വിതരണം നിര്‍ത്തലാക്കുമെന്ന് ഇസ്രായില്‍ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഭീഷണി മുഴക്കി.