കൊച്ചി – മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസ് സംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാതെ സി എം ആര് എല്‍. വീണയും എക്സാലോജിക്കുമായും ബന്ധപ്പെട്ട രേഖകള്‍ കൈമാറാനാകില്ലെന്നാണ് സി എം ആര് എല്‍ ഇ ഡിയെ അറിയിച്ചിരിക്കുന്നത്. രേഖകള്‍ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നാണ് വാദം.
സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാറുകളുമാണ് ഇ ഡി ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട രേഖകള്‍ ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് നടപടികളുടെ ഭാഗമായുള്ളതാണെന്ന് സി എം ആര് എല്‍ അറിയിച്ചു. സെറ്റില്‍മെന്റ് കമ്മിഷന്റെ നടപടികള്‍ തീര്‍പ്പാക്കിയതാണെന്നും മറ്റൊരു ഏജന്‍സികള്‍ക്കും പുനഃപരിശോധിക്കാനാകില്ലെന്നും സി എം ആര് എല്‍ മറുപടി നല്കി. ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് സി എം ആര് എല്‍ നീക്കം.
മാസപ്പടി കേസില്‍ കൂടുതല്‍ സി എം ആര് എല്‍ ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. സി എം ആര് എല്‍ മാനേജിംഗ് ഡയറക്ടര്‍ സി എന്‍ ശശിധരന് കര്‍ത്തയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇന്നലെയും ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളടക്കമുള്ള കാരണങ്ങള്‍ പറഞ്ഞാണ് കര്‍ത്ത ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. സി എം ആര് എല്ലിലെ മൂന്ന് ഉദ്യോഗസ്ഥര്രുടെ ചോദ്യം ചെയ്യല്‍ 24 മണിക്കൂറോളം നീണ്ടിരുന്നു. ഒരു വനിത ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലാണ് നീണ്ടത്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനെത്തിയ ഇവര്‍ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് മടങ്ങിയത്.