വാഷിംഗ്ടണ്‍ – സമാധാന കരാര്‍ അനുശാസിക്കുന്നതു പോലെ ഹമാസ് എത്രയും വേഗം ആയുധം ഉപേക്ഷിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അല്ലാത്ത പക്ഷം അമേരിക്ക ബലപ്രയോഗത്തിലൂടെ ഹമാസിനെ നിരായുധീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഹമാസിനെ നിരായുധീകരിക്കണമെന്ന് താന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ അതിന് സമ്മതിച്ചതായും ട്രംപ് പറഞ്ഞു. “ഞാന്‍ ഹമാസുമായി സംസാരിച്ചു. ആയുധം ഉപേക്ഷിക്കുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ഹമാസിന്റെ നിരായുധീകരണം ഉടൻ നടപ്പിലാക്കും. ഒരുപക്ഷേ, ഇതിന് അമേരിക്കക്ക് ബലപ്രയോഗം നടത്തേണ്ടി വരും. ഹമാസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്” ട്രംപ് പറഞ്ഞു. ഹമാസിന്റെ നിരായുധീകരണം എത്ര വേഗം നടക്കുമോ അത്രയും നല്ലതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഗാസയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഹമാസ് വീണ്ടും ആയുധമണിയുകയാണെന്ന് അമേരിക്കക്ക് അറിയാമെന്ന് ട്രംപ് പറഞ്ഞു. ഒരു നിശ്ചിത സമയത്തേക്ക് ഞങ്ങള്‍ അവര്‍ക്ക് അതിന് അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. നശിപ്പിക്കപ്പെട്ട പ്രദേശങ്ങളില്‍ വലിയ കുറ്റകൃത്യങ്ങളോ സുരക്ഷാ പ്രശ്‌നങ്ങളോ ഇല്ലെന്ന് നിരീക്ഷിക്കുന്ന ചുമതല അമേരിക്ക ഹമാസിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗാസ കരാറിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ അറിയിച്ചു. മരിച്ച ബന്ദികളുടെ ശേഷിക്കുന്ന മൃതദേഹങ്ങള്‍ കൈമാറാന്‍ യു.എസ് പ്രസിഡന്റ് ഹമാസിനോട് ആവശ്യപ്പെട്ടു. യു.എസ് പിന്തുണയുള്ള ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിന് ഈ നടപടി ആവശ്യമാണ്. ഒരു വലിയ ഭാരം നീക്കി, പക്ഷേ ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടില്ല – ട്രംപ് ട്രൂത്ത് സോഷ്യലിലെ തന്റെ പോസ്റ്റില്‍ എഴുതി. മുഴുവന്‍ ബന്ദികളുടെയും മൃതദേഹങ്ങള്‍ തിരികെ നല്‍കുമെന്ന വാഗ്ദാനം ഹമാസ് നിറവേറ്റിയിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
ബന്ദികൾ തിരിച്ചെത്തിയാൽ അടുത്ത ഘട്ടം ഗാസയുടെ നിരായുധീകരണമാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. “ആദ്യം, ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിക്കണം. രണ്ടാമതായി, ഗാസക്കുള്ളില്‍ ആയുധ ഫാക്ടറികള്‍ ഇല്ലെന്നും ഗാസയിലേക്ക് ആയുധങ്ങള്‍ കടത്തുന്നില്ലെന്നും നാം ഉറപ്പാക്കണം. അതാണ് നിരായുധീകരണം. ഹമാസ് ആയുധം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്. ഹമാസിനെ സമാധാനപരമായി നിരായുധീകരിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കാന്‍ യു.എസ് പ്രസിഡന്റ് വ്യക്തമാക്കിയതുപോലെ ബലപ്രയോഗത്തിനും ഞങ്ങള്‍ തയാറാണ്” നെതന്യാഹു പറഞ്ഞു.