മസ്‌കത്ത്– ഭിന്നശേഷിക്കാരുടെ സമഗ്ര വികാസം ലക്ഷ്യമിട്ട് മാജിക്, മെലഡി, മിഷൻ എന്നീ ആശയങ്ങളോടെ എം ക്യൂബ് പരിപാടിയുമായി ഗോപിനാഥ് മുതുകാട്. തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തിൽ കാസർഗോഡ് നിർമ്മിക്കുന്ന International Institute for People with Disabilities (ഐ.ഐ.പി.ഡി) സംരംഭത്തിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടി 2026 ഫെബ്രുവരി 6 ന് ഒമാനിൽ നടക്കും.
കാസർഗോഡ് നിർമ്മിക്കുന്ന 120 കോടി രൂപയുടെ ഈ മഹാസംരംഭത്തിന് പ്രവാസലോകത്തിൻ്റെ പിന്തുണ ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 2025 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് ഐ.ഐ.പി.ഡിക്ക് തറക്കല്ലിട്ടത്. ആയിരം ദിനങ്ങൾ കൊണ്ട് പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി കാസർഗോഡ് നിർമ്മിക്കുന്ന ഈ സ്ഥാപനത്തിന് ധനസമാഹരണം നടത്താനായി, ലോകമെമ്പാടുമുള്ള കലാസ്‌നേഹികളെ അണിനിരത്തിയാണ് മുതുകാട് ‘എം ക്യൂബ്’ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിനോടകം ഓസ്ട്രേലിയ, ഖത്തർ രാജ്യങ്ങളിൽ പരിപാടികൾ വിജയകരമായി പൂർത്തിയാക്കി. ഒമാന് പുറമെ യു.കെ., അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലും ‘എം ക്യൂബ്’ ഉടൻ അരങ്ങേറും.
കാഞ്ഞങ്ങാട് മടിക്കൈയിൽ 30 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന ഐ.ഐ.പി.ഡി, എൻഡോസൾഫാൻ ദുരിതബാധിതരടക്കം ലോകമെമ്പാടുമുള്ള ഭിന്നശേഷി കുട്ടികൾക്ക് ആശ്രയമാകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷി സ്ഥാപനമായി ഇത് മാറും
അന്തർദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങൾ , അത്യാധുനിക തെറാപ്പി സൗകര്യങ്ങൾ , പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകൾ , തൊഴില്‍ പരിശീലന കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ , ട്രയിനിംഗ് സെന്ററുകൾ തുടങ്ങി വിപുലീകരിച്ച സംവിധാനങ്ങൾ കാസർഗോഡ് ഐ.ഐ.പി.ഡിയിൽ ഉണ്ടാകും. ഓരോ വ്യക്തിക്കും ആവശ്യമായ സഹായ ഉപകരണങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾ. തൊഴിൽ പരിശീലന കേന്ദ്രങ്ങൾ: ഭിന്നശേഷിക്കാർക്ക് സ്വന്തമായി വരുമാനം കണ്ടെത്താൻ സഹായിക്കുന്ന തൊഴിൽ പരിശീലനം തുടങ്ങി ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങൾ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 1000 ഭിന്നശേഷിക്കാർക്ക് ഇവിടെ പരിശീലനം നൽകാൻ സാധിക്കും