മക്ക – മക്കയിലും മദീനയിലും പുതിയ ഓഫീസുകള്‍ തുറന്ന് ടൂറിസം മന്ത്രാലയം. ടൂറിസം മേഖലയില്‍ നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക ഫീല്‍ഡ് സാന്നിധ്യം ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. വര്‍ഷം മുഴുവനും ദശലക്ഷക്കണക്കിന് ഹജ്, ഉംറ തീര്‍ഥാടകരും സന്ദര്‍ശകരുമാണ് മക്കയിലും മദീനയിലും എത്തുന്നത്. ഈ സാഹചര്യത്തിൽ ഇത് ഗുണപരമായ ചുവടുവെപ്പാണെന്ന് ടൂറിസം മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍റസാസ്മ പറഞ്ഞു.
മേല്‍നോട്ടവും പരിശോധനാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുക, അംഗീകൃത നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, നിക്ഷേപകരെ പിന്തുണക്കുക, ഇരു പ്രവിശ്യകളിലെയും കൗണ്‍സിലുകള്‍, കമ്മിറ്റികള്‍, ഔദ്യോഗിക പരിപാടികള്‍ എന്നിവയില്‍ മന്ത്രാലയത്തെ പ്രതിനിധീകരിക്കുക എന്നിവ അടക്കം ഏതാനും ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് പുതിയ ഓഫീസുകള്‍ തുറന്നതിലൂടെ മന്ത്രാലയം ഉന്നമിടുന്നത്. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള ഏകോപനവും സംയോജനവും വര്‍ധിപ്പിക്കാനും ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ ഓഫീസുകള്‍ സഹായിക്കുമെന്നും ടൂറിസം മന്ത്രാലയം വക്താവ് പറഞ്ഞു.