ബുഡാപെസ്റ്റ്: ആധുനിക യൂറോപ്യൻ സാഹിത്യത്തിലെ മഹത്തായ ശബ്ദങ്ങളിലൊരാളായി എണ്ണപ്പെടുന്ന ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്‌നഹോർക്കായ് (László Krasznahorkai) 2025-ലെ നൊബേൽ സാഹിത്യ പുരസ്കാരം നേടി. ഗഹനവും ദീർഘവുമായ ശൈലിയിൽ മനുഷ്യന്റെ ആത്മീയ തകർച്ചയും സാമൂഹിക പ്രതിസന്ധികളും ചിത്രീകരിച്ച ലാസ്ലോയുടെ കൃതികൾ ആഗോള പ്രശംസ നേടിയവയാണ്. ഹംഗറിയിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മഹാനായ എഴുത്തുകാരനായി വിലയിരുത്തപ്പെടുന്ന ക്രാസ്‌നഹോർക്കായിയുടെ കൃതികൾ പോസ്റ്റ്‌മോഡേൺ ഡിസ്റ്റോപിയയുടെയും വിഷാദത്തിന്റെയും ആഴങ്ങളിലൂടെ മനുഷ്യജീവിതത്തെ വിശകലനം ചെയ്യുന്നതായാണ് പരിഗണിക്കപ്പെടുന്നത്. അത്യന്തം ദോഷകരവും അടിച്ചമർത്തലും ആകർഷണമില്ലാത്തതുമായ സാമൂഹ്യ സംവിധാനത്തിൽ ജീവിക്കുന്ന കൽപ്പിത സമൂഹമാണ് ഡിസ്റ്റോപ്പിയ.
“അപോകലിപ്റ്റിക് ഭീതിയുടെ നടുവിലും കലയുടെ ശക്തിയെ വീണ്ടും ഉറപ്പിക്കുന്ന ആകർഷകവും ദർശനപരവുമായ സൃഷ്ടികളാണ് ലാസ്ലോയുടേതെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. 71-കാരനായ ക്രാസ്‌നഹോർക്കായി “കാഫ്ക മുതൽ തോമസ് ബേൺഹാർഡ് വരെ നീളുന്ന മധ്യ യൂറോപ്യൻ പരമ്പരയിലെ ഇതിഹാസ തുല്യനായ എഴുത്തുകാരനാണ്. അസംബന്ധതയും (absurdism) വിചിത്രമായ അതിരുകടക്കലുകളും (grotesque excess) അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകതയാണെന്ന് ജൂറി പ്രസ്താവനയിൽ പറഞ്ഞു. കിഴക്കൻ സംസ്കാരത്തെ അഭിമുഖീകരിച്ചുകൊണ്ട് കൂടുതൽ ധ്യാനാത്മകവും സൂക്ഷ്മമായി അളക്കപ്പെട്ടതുമായ ശൈലിയും അദ്ദേഹം സ്വീകരിക്കുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു.
നൊബേൽ പ്രഖ്യാപനത്തിന് മുൻപ് തന്നെ ക്രാസ്‌നഹോർക്കായി സാധ്യതാപട്ടികയിൽ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഈ ബഹുമതി കൊറിയൻ എഴുത്തുകാരിയായ ഹാൻ കാങ് നേടിയിരുന്നു — നൊബേൽ നേടുന്ന ആദ്യ ഏഷ്യൻ വനിതയായിരുന്നു അവർ.
1954 ജനുവരി 5ന് ഹംഗറിയിലെ ഗ്യൂലയിൽ ജനിച്ച ക്രാസ്‌നഹോർക്കായ്, Sátántangó (1985)യും The Melancholy of Resistance (1989)യും പോലുള്ള നോവലുകൾ മുഖേന ലോക ശ്രദ്ധ നേടിയിരുന്നു. ഈ രണ്ടും സംവിധായകൻ ബേല താരർ (Béla Tarr) സിനിമയാക്കി. ആധുനിക സിനിമയുടെ ക്ലാസിക്കുകളായാണ് ഇവ വിലയിരുത്തപ്പെടുന്നത്. ദുർഘടമായ ഘടനയും ഗൗരവമുള്ള ശൈലിയും കൊണ്ട് അദ്ദേഹത്തിന്റെ രചനകൾ ‘പോസ്റ്റ്‌മോഡേൺ’ സാഹിത്യത്തിന്റെ ശ്രേഷ്ഠ ഉദാഹരണങ്ങളായി കണക്കാക്കപ്പെടുന്നു.
വിദ്യാഭ്യാസവും പ്രാരംഭജീവിതവും
അഭിഭാഷകനായ ഗ്യോർജി ക്രാസ്‌നഹോർക്കായിയുടെയും സാമൂഹ്യ സേവന ഉദ്യോഗസ്ഥയായ ജൂലിയ പാളിങ്കാസിന്റെയും മകനായ ലാസ്ലോ, എർക്കൽ ഫെറെൻസ് ഹൈസ്കൂളിൽ ലാറ്റിൻ വിഷയത്തിൽ പഠനം പൂർത്തിയാക്കി. പിന്നീട് ബുഡാപെസ്റ്റിലെ എറ്റ്വോസ് ലോറാൻഡ് സർവകലാശാലയിൽ സാഹിത്യത്തിൽ ബിരുദം നേടി.
സാഹിത്യ ഗവേഷണത്തിന് പ്രചോദനമായത് സാൻഡോർ മാരായ് എന്ന എഴുത്തുകാരന്റെ പ്രവാസജീവിതത്തെ കുറിച്ചുള്ള പ്രബന്ധമായിരുന്നു. പഠനകാലത്ത് തന്നെ അദ്ദേഹം പ്രസാധന രംഗത്തും പ്രവർത്തിച്ചിരുന്നു.
ആഗോള സാഹിത്യയാത്ര
1985ൽ ആദ്യ നോവൽ Sátántangó പ്രസിദ്ധീകരിച്ചതോടെ അദ്ദേഹം ഹംഗേറിയൻ സാഹിത്യത്തിലെ പ്രധാന ശബ്ദമായി. 1987ൽ DAAD ഫെല്ലോഷിപ്പോടെ ആദ്യമായി ബെർലിനിലേക്ക് യാത്രയായി. കമ്യൂണിസം തകർന്നശേഷം യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലും സഞ്ചരിച്ചു. ചൈനയും മംഗോളിയയും ഉൾപ്പെടെ കിഴക്കൻ ഏഷ്യയിലെ അനുഭവങ്ങൾ Destruction and Sorrow Beneath the Heavens പോലുള്ള കൃതികൾക്ക് പ്രചോദനമായി. Seiobo There Below എന്ന കൃതിക്ക് 2014-ൽ Best Translated Book Award ലഭിച്ചു.
ബർലിനിൽ കുറച്ചുകാലം അധ്യാപകനായും വിസിറ്റിംഗ് പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. ഇപ്പോൾ ഹംഗറിയിലെ സെന്റ്‌ലാസ്ലോയുടെ മലനിരകളിൽ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ആദ്യ ഭാര്യ അനിക്കോ പെല്യേയുമായുള്ള വിവാഹമോചനത്തിന് ശേഷം, 1997ൽ ചൈനീസ് ഭാഷാ വിദഗ്ധയും ഗ്രാഫിക് ഡിസൈനറുമായ ഡോറ കോപ്ചാനിയിയെ വിവാഹം ചെയ്തു. മൂന്നു പെൺമക്കളുണ്ട്.
ആധുനിക സാഹിത്യത്തിന്റെ ശാന്തപ്രതിഭ
ക്രാസ്‌നഹോർക്കായിയുടെ രചനകളിൽ മനുഷ്യജീവിതത്തിന്റെ നിശ്ശബ്ദമായ അർത്ഥാന്വേഷണമാണ് മുഖ്യപ്രമേയം. അലങ്കാരമില്ലാത്ത ദീർഘവാക്യങ്ങൾ, ദുരൂഹ ദൃശ്യങ്ങൾ, ആത്മാവിന്റെ ഏകാന്തത. ഇതെല്ലാം ചേർന്നാണ് അദ്ദേഹത്തിന്റെ സൃഷ്ടി.