ദുബൈ– ദുബൈയിൽ സ്വർണ വില സർവ്വകാല റെക്കോർഡിൽ എത്തി. 22K സ്വർണം ഗ്രാമിന് ആദ്യമായി 450 ദിർഹത്തിന് മുകളിലെത്തി. 450.25 ദിർഹമാണ് വില നിലവാരാം. മറു വശത്ത് 24K സ്വർണം ഗ്രാമിന് 486.25 ദിർഹം എന്ന എക്കാലത്തേയും ഉയർന്ന നിരക്കിലേക്കാണ് എത്തിയത്.
18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 370 ദിർഹവും 21 കാരറ്റ് ഒരു ഗ്രാമിന് 431.50 ഉം ദിർഹമാണ് ഇപ്പോഴത്തെ വില. ഓരോ ദിവസവും സ്വർണ വിലയിൽ അപ്രതീക്ഷിതമായി കുതിച്ചുകയറ്റം സംഭവിക്കുന്നത് സ്വർണ നിക്ഷേപകർക്ക് നേട്ടമാവുന്നു.
ഈ കുതിപ്പ് തുടർന്നാൽ ഗ്രാമിന് 500 ദിർഹമാകാൻ കൂടുതൽ സമയം വേണ്ടി വരില്ല. വില എങ്ങോട്ടാണ് നീങ്ങുന്നതെന്ന് സൂചിപ്പിക്കുന്നതാണ് ആഗോളതലത്തിൽ സ്വർണ്ണ വിലയിൽ ഉണ്ടായ കുതിച്ചുചാട്ടം പ്രതിഫലിപ്പിക്കുന്നത്.


ചൊവ്വാഴ്ച ആദ്യമായി സ്വർണ്ണ വില ഔൺസിന് 4,000 ഡോളർ കടന്നു. രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിക്ഷേപകർ സുരക്ഷിത താവളങ്ങളിലേക്ക് ഓടുന്നത് ഇതിന് കാരണമായി. യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടൽ രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ പ്രധാന സാമ്പത്തിക ഡാറ്റ വൈകുകയും ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് റെക്കോർഡ് ഭേദിക്കുന്ന ഈ നീക്കം ഉണ്ടായത്. രാഷ്ട്രീയ പ്രതിസന്ധി എപ്പോൾ അവസാനിക്കുമെന്നതിനെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ വിപണികളെ ഇളക്കിമറിച്ചു, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകളിൽ വ്യാപാര താരിഫ് പുതുക്കിയത് ഇതിനകം തന്നെ ആശങ്കകൾ സൃഷ്ടിച്ചു.