തായിഫ്: മുസ്‌ലിംലീഗ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയയുടെ 42-ാം ചരമ വാർഷികത്തിൽ തായിഫ് സിറ്റി ഏരിയ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഹസ്സൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ തായിഫ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുജീബ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. 56 വർഷം മാത്രം ജീവിച്ച സി.എച്ച് മുപ്പതാമത്തെ വയസ്സിലാണ് നിയമസഭാംഗമാകുന്നത്. പിന്നിട്ട 26 വർഷത്തിനുള്ളിൽ ഒരു നൂറ്റാണ്ട് കൊണ്ട് നിറവേറ്റാവുന്ന വിപ്ലവമാണ് സി.എച്ച് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഫൈസൽ മാലിക് എ.ആർ നഗർ അനുസ്മരണ പ്രഭാഷണം നടത്തി.
ജീവിതം മുഴുവൻ സ്വസമുദായ നവോത്ഥാനത്തിനും പാർശ്വവൽകൃത ഇതര സമൂഹങ്ങളുടെ പുരോഗതിക്കും വേണ്ടി സമർപ്പിക്കപ്പെട്ടു എന്നതുകൊണ്ടാണ് വിട പറഞ്ഞ് നാല് പതിറ്റാണ്ടിനിപ്പുറവും സി.എച്ച് ഓർമ്മിക്കപ്പെടുന്നതെന്ന് ഫൈസൽ മാലിക് അനുസ്മരിച്ചു. സി.എച്ചിന്റെ കുറിക്ക് കൊള്ളുന്ന ഭാഷാ പ്രയോഗങ്ങളും തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലുള്ള വൈദഗ്ധ്യവും സി.എച്ചിന്റെ വിയോഗ ശേഷം അദ്ദേഹത്തെക്കുറിച്ച് പല പ്രമുഖരും എഴുതിയ ഓർമകളും അനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഇൻചാർജ് സലാം പുല്ലാളൂർ, ഓർഗനൈസിംഗ് സെക്രട്ടറി അശ്റഫ് താനാളൂർ, വിവിധ ഏരിയ കമ്മിറ്റി നേതാക്കളായ മജീദ് കൊയിലാണ്ടി, അബ്ദുൽ അസീസ് റഹ്മാനി, ഹാഷിം തിരുവനന്തപുരം, കാസിം ഇരുമ്പുഴി അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവർ ആശംസകൾ നേർന്നു. ശഹാൻ ശഫീഖ് ഖിറാഅത്ത് നടത്തി. ബാവ സാഹിബ്, ഷംസു തളിപ്പറമ്പ്, റസാഖ് ശിവപുരം, റഷീദ് ഹിബ, അഷ്റഫ് അറേബ്യൻ, ഷഫീഖ് ലൈസ്, ബഷീർ ഗർവ്വ ഷരീഫ് ഹിബ തുടങ്ങിയവർ നേതൃത്വം നൽകി. സിറ്റി ഏരിയ ജനറൽ സെക്രട്ടറി സുനീർ ആനമങ്ങാട് സ്വാഗതവും ട്രഷറർ അഷ്റഫ് തളിപ്പറമ്പ് നന്ദിയും പറഞ്ഞു.