ന്യൂഡൽഹി – സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ അഭിഭാഷകന്റെ ശ്രമം. തിങ്കളാഴ്ച രാവിലെ കോടതിയിൽ വച്ച് തന്നെയാണ് സംഭവം. സംഭവത്തെ തുടർന്ന് കോടതി നടപടികൾ അല്പം വൈകി. ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെ ഉടനെ തന്നെ സുരക്ഷാ ജീവനക്കാർ പുറത്താക്കി.
സനാതന ധർമ്മത്തിനെതിരെയുള്ള അപമാനം രാജ്യം വെച്ചുറപ്പിക്കില്ല എന്ന മുദ്രാവാക്യം ഇയാൾ മുഴക്കിയതായും ദൃക്സാക്ഷികൾ പറഞ്ഞു. ബി ആർ ഗവായി ഉടനെ തന്നെ അടുത്ത വാദം കേൾക്കാനും തയ്യാറായി. ഇതിലൂടെയെന്നും നമ്മുടെ ശ്രദ്ധ മാറരുതെന്നും ഇദ്ദേഹം ഉപദേശിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന ബുൾഡോസർരാജിനെ വലിയ രീതിയിൽ ചീഫ് ജസ്റ്റിസ് വിമർശിച്ചിരുന്നു . കുറച്ചു ദിവസങ്ങൾക്കു മുമ്പ് മൗറീഷ്യസിൽ നടന്ന ചടങ്ങിലായിരുന്നു ഇദ്ദേഹത്തിന്റെ വിമർശനം. ബുൾഡോസർരാജിനെ രൂക്ഷമായി എതിർത്ത ഗവായി ഇന്ത്യൻ നീതിന്യായ സംവിധാനത്തെ നിയമവാഴ്ചയിലൂടെ നിയന്ത്രിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.