കൊച്ചി – സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് പവന് 1000 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 88,560 രൂപയായാണ് ഉയർന്നത്. ഗ്രാമിന് 125 രൂപ വർദ്ധിച്ച് 11,070 രൂപയുയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9100 രൂപയായും 14കാരറ്റിന്റേത് 7100 രൂപയായും ഉയർന്നു. ആഗോള വിപണിയിലും സ്വർണം ചരിത്ര മുന്നേറ്റം തുടരുകയാണ്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 3,900 ഡോളർ പിന്നിട്ടു.
സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും എട്ടിൻ്റെ പണിയായി സ്വർണത്തിൻ്റെ കുതിപ്പ് തുടരുമ്പോൾ നിക്ഷേപകർക്ക് ഇത് പ്രതീക്ഷ ഉണർത്തുന്നു. ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വർണവില കുതിച്ചുയരാൻ കാരണമായത്. അമേരിക്കയിലെ സർക്കാർ അടച്ചുപൂട്ടൽ അനിശ്ചിതമായി നീളുന്നതിനാൽ സ്വർണ വില വീണ്ടും റെക്കാഡ് ഉയരത്തിലെത്തി. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.