മസ്‌കത്ത്– കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് ഒമാനില്‍ രണ്ട് പേര്‍ മരിച്ചു. ഒരു ഒമാനി പൗരനും പ്രവാസി വനിതയുമാണ് മരിച്ചതെന്ന് ഒമാന്‍ പോലീസ് അറിയിച്ചു. സുവൈഖ് വിലായത്തിലാണ് സംഭവം. പ്രവാസി വനിത സെപ്റ്റംബര്‍ 29നും, ഒമാനി പൗരന് കഴിഞ്ഞ ദിവസവുമാണ് മരിച്ചത്.
കുപ്പിവെള്ളം കുടിച്ചതിനെ തുടര്‍ന്ന് ഒമാൻ പൗരനെയും കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ രണ്ടു ദിവസം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ശേഷമാണ് ഒമാനി പൗരന് മരണപ്പെട്ടത്. ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്ത യുറാനസ് സ്റ്റാര്‍ എന്ന ബ്രാന്‍ഡിന്റെ കുപ്പിവെള്ളത്തില്‍ നിന്നാണ് ഇവര്‍ക്ക് വിഷബാധയേറ്റത്. ഒരു ഒമാനി വനിത സുഖം പ്രാപിച്ച് ആശുപത്രി വിട്ടിട്ടുണ്ട്.
നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സാമ്പിളുകൾ പരിശോധിക്കുകയും കുപ്പിവെള്ളത്തില്‍ വിഷാംശമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കാനായി വിഷബാധക്ക് കാരണമായ യുറാനസ് സ്റ്റാര്‍ കുപ്പിവെള്ളത്തിന്റെ വില്പന അധികൃതര്‍ പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇറാനിലെ എല്ലാ തരം കുപ്പിവെള്ളത്തിന്റെയും ഇറക്കുമതിയും നിരോധിച്ചു. യുറാനസ് സ്റ്റാര്‍ കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും ഇത്തരം കുപ്പിവെള്ളത്തിൽ എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.