ബേഅറീന(ജർമനി): ഇഹർ വേർഡെറ്റ് നീ ഡ്യൂഷർ മെയ്സ്റ്റർ. നിങ്ങളൊരിക്കലും ജർമൻ ജേതാക്കളാകില്ല. എതിരാളികളായ ആരാധകർ എപ്പോഴും അവരുടെ ബയേർ ലെവർകുസൻ എതിരാളികളെ പരിഹസിച്ചു പാടുമായിരുന്നു. 120 വർഷത്തോളമായി ഇതേ പാട്ട് ലെവർകുസൻ ആരാധകർ കേട്ടുകൊണ്ടിരിക്കുന്നു. തങ്ങളൊരിക്കലും ജേതാക്കളാകില്ലെന്ന് ലെവർകുസൻ ആരാധകരും വിശ്വസിക്കാൻ തുടങ്ങി. നീണ്ട വർഷങ്ങളിൽ, ഏകദേശം, അഞ്ച് റണ്ണേഴ്‌സ് അപ്പ് ഫിനിഷുകൾ, ആറ് മൂന്നാം സ്ഥാനങ്ങൾ. ജേതാക്കളാകാനാകില്ലെന്ന പല്ലവി ആരാധകരും എങ്ങിനെ വിശ്വസിക്കാതിരിക്കും. ഏപ്രിലിലെ ഒരു തണുത്ത സായാഹ്നത്തിൽ ഈ പാട്ട് അപ്രത്യക്ഷമായിരിക്കുന്നു.
ബയേർ ലെവർകൂസൻ വെർഡർ ബ്രെമനെ 5-0 ന് തോൽപ്പിച്ച് അവരുടെ 120 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ബുണ്ടസ്ലിഗ ചാമ്പ്യന്മാരായി. ആരാധകരുടെ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. അവരത് ആഘോഷിച്ചുതീർത്തു. കളി തീരുന്നതിന് മുമ്പ് തന്നെ ലെവർകൂസൻ ആരാധകർ ഗ്യാലറിയിൽനിന്ന് മൈതാനത്തിന്റെ അതിർവരയിലേക്ക് ചുവടുവെച്ചിരുന്നു. കളി അവസാനിപ്പിച്ചുവെന്ന് അറിയിച്ചുള്ള അവസാന വിസിൽ പോലും ആരും കേട്ടില്ല. ആരാധകരുടെ ആർപ്പുവിളികളിൽ ആ വിസിൽ മുങ്ങിപ്പോയി.
ആരാധകർ ഉയർത്തിയ ചുവപ്പു പുകകളിൽ മൈതാനത്തിലെ പച്ചപ്പുല്ലുകൾ അപ്രത്യക്ഷമായി. അണക്കെട്ട് തുറന്നുവിട്ട പോലെ ആരാധകർ മൈതാനത്തിലേക്ക് കുതിച്ചു. മൈതാനത്തിലിറങ്ങാതെ ഗ്യാലറിയിൽ അപ്പോഴും ഇരിക്കുന്ന മുതിർന്ന ആരാധകർ വിജയം കണ്ട് നിശബ്ദമായി കരഞ്ഞു. വിജയം എന്ന യാഥാർത്ഥ്യം അവർ കണ്ടെങ്കിലും ഇത് സ്വപ്നമാണോ എന്നു കരുതി അവർ വിതുമ്പിക്കൊണ്ടിരുന്നു.
കളി അവസാനിക്കാൻ ഏകദേശം പത്തു മിനിറ്റ് ബാക്കിയുള്ളപ്പോൾ ഗ്യാലറിയിലെ സീറ്റുകൾ കാലിയായി തുടങ്ങിയിരുന്നു. ആദ്യം കുറച്ചുപേരാണ് ഗ്യാലറിയിൽനിന്നിറങ്ങിയത്. പിന്നീട് അത് നൂറുകണക്കിനാളുകളായി. മൈതാനത്തിലെ പരസ്യ ഹോർഡിംഗുകൾക്ക് പിന്നിൽ അവർ കൂട്ടത്തോടെ നിന്നു. അവരെ പിച്ചിൽ നിന്ന് വേർപെടുത്തിയത് നേരിയ മഞ്ഞ ചരടുകളാൽ മാത്രം. മൈതാനത്തിലേക്ക് കുതിക്കാനുള്ള അവരുടെ സമയത്തിനായി കാത്തിരുന്നു. ഇനി പിടിച്ചു നിൽക്കാൻ കഴിയാത്ത നിമിഷത്തിനായി കാത്തിരുന്നു. കളി അവസാനിപ്പിച്ചതോടെ മൈതാനും ആരാധകരുടെ ആർപ്പുവിളികളാൽ നിറഞ്ഞു.
നീണ്ട 11 വർഷത്തെ ബയേൺ മ്യൂണിക് ആധിപത്യം അവസാനിപ്പിച്ചുകൊണ്ടാണ്, ജർമ്മൻ ലീഗ് ബയേർ ലെവർകൂസൻ സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തിൽ വെർഡർ ബ്രെമെനെ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലെവർകൂസൻ തങ്ങളുടെ ആദ്യ ലീഗ് കിരീടം ഉറപ്പിച്ചത്. ലീഗിൽ 5 മത്സരങ്ങൾ ബാക്കിയിരിക്കെ ചാമ്പ്യന്മാരായ ലെവർകൂസൻ, ഒരു മത്സരത്തിൽ പോലും പരാജയപ്പെട്ടിട്ടില്ല.
കളിയുടെ ഇരുപത്തിയഞ്ചാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വിക്ടർ ബോണിഫേസ് ലെവർകൂസന് ലീഡ് നൽകി. രണ്ടാം പകുതിയിലെ അറുപതാം മിനിറ്റിൽ ഗ്രാനിറ്റ് ഷാക്കയും, 68,83,90 മിനിറ്റുകളിൽ ഗോളുകൾ നേടി ഹാട്രിക്ക് പൂർത്തിയാക്കി യുവ താരം ഫ്ലോറിയൻ വിർട്ട്സുമാണ് ലെവർകൂസനെ വിജയത്തിലേക്ക് നയിച്ചത്.
ഈ വിജയത്തോടെ ലെവർകൂസൻ 29 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുകൾ നേടിയപ്പോൾ, രണ്ടും മൂന്നും സ്ഥാനത്തുള്ള ബയേണിനും സ്റ്റുട്ട്ഗാർട്ടിനും 63 പോയിന്റാണുള്ളത്. ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാലും, ഇരു ടീമുകൾക്കും ലെവർകൂസന് ഒപ്പമെത്താൻ കഴിയില്ല.