തെഹ്റാൻ- ഇസ്രായിലിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിച്ചാൽ പ്രതികരണം രൂക്ഷമായിരിക്കുമെന്ന് ഇസ്രായിലിനും അമേരിക്കക്കും ഇറാന്റെ മുന്നറിയിപ്പ്. പ്രത്യാക്രമണം നടത്തിയാൽ ഇസ്രായിലിൽ വൻ ആക്രമണം നടത്തുമെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായിലിന്റെ സൈനിക നടപടിയെ അമേരിക്ക പിന്തുണയ്ക്കരുതെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
“ഇസ്രായിലോ അവരുടെ അനുയായികളോ(അമേരിക്ക) തിരിച്ചടിച്ചാൽ അവർക്ക് ഗുരുതരമായ തിരിച്ചടി ലഭിക്കും. നിർണായകവും കൂടുതൽ ശക്തവുമായ പ്രതികരണമായിരിക്കും ഇറാൻ നൽകുകയെന്ന് പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ സൈനിക മേധാവി മേജർ ജനറൽ മുഹമ്മദ് ബഗേരി സമാനമായ മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. “ഇറാനെതിരെ പ്രതികാരം ചെയ്താൽ” “വളരെ വലിയ” പ്രതികരണമാണ് ഇസ്രായിലിനെ കാത്തിരിക്കുന്നതെന്ന് മുഹമ്മദ് ബഗേരി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
ഇസ്രായേലിനെതിരായ ഇറാൻ ആക്രമണം “അതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയിരിക്കുന്നു, ഞങ്ങളുടെ കാഴ്ചപ്പാടിൽ ഓപ്പറേഷൻ അവസാനിച്ചു. തിരിച്ചടിക്കുന്നത് തുടരാൻ ഉദ്ദേശിക്കുന്നില്ല- ബാഗേരി പറഞ്ഞു. ഇസ്രായിലിനെ പിന്തുണച്ചാൽ മേഖലയിലെ അമേരിക്കയുടെ താവളങ്ങൾ ഇറാൻ ലക്ഷ്യമിടുമെന്നും ബാഗേരി മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായിലിന് എതിരെ ആക്രമണം നടത്തുമെന്ന കാര്യം 72 മണിക്കൂർ മുമ്പ് തന്നെ അമേരിക്കയെ ഇസ്രായിൽ അറിയിച്ചിരുന്നതായുമം ബാഗേരി വ്യക്തമാക്കി.
നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് ഇസ്രായിലിന് എതിരെ ഇറാൻ വിക്ഷേപിച്ചത്. ഇസ്രായിലിന് നേരെയുള്ള ഇറാന്റെ ആദ്യത്തെ നേരിട്ടുള്ള ആക്രമണമാണിത്.