ദുബൈ: ദുബൈയിൽ വൻ മയക്കുമരുന്ന് വേട്ട. ഏഴംഗ ക്രിമിനൽ സംഘം ദുബൈ പൊലീസിന്റെ പിടിയിലായി. 26 കിലോഗ്രാം മയക്കുമരുന്നും 27,913 ട്രമഡോൾ ഗുളികകളും പിടിച്ചെടുത്തു. ക്രിസ്റ്റൽ മെത്ത്, ഹഷീഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കൾ പിടികൂടിയവയിൽ ഉൾപ്പെടുന്നതായി ദുബൈ പൊലീസ് അറിയിച്ചു. സംഘത്തെ വിദേശത്തുനിന്ന് നിയന്ത്രിച്ചിരുന്നത് ഒരു അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയാണ്.
പ്രതികളെല്ലാം ഏഷ്യൻ വംശജരാണ്. പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ മയക്കുമരുന്നുകൾ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിപുലമായ അന്വേഷണവും സൂക്ഷ്മനിരീക്ഷണവും പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചു. ഒന്നാം പ്രതിയുടെ നീക്കങ്ങൾ ദിവസങ്ങളോളം പൊലീസ് നിരീക്ഷിച്ചിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ക്രിസ്റ്റൽ മെത്ത് കണ്ടെത്തി.
വിദേശത്തുനിന്നുള്ള സംഘത്തലവന്റെ നിർദേശപ്രകാരം ഒരു കിലോഗ്രാം മയക്കുമരുന്ന് പാക്കറ്റുകൾ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ വിതരണം ചെയ്യാൻ ഒന്നാം പ്രതിക്ക് നിർദേശം ലഭിച്ചിരുന്നു. ഇത് മനസ്സിലാക്കിയ പൊലീസിന്റെ ആസൂത്രിത നീക്കത്തിലാണ് ബാക്കി ആറുപേർ പിടിയിലായത്. ഒളിപ്പിച്ച മയക്കുമരുന്ന് എടുക്കാനെത്തിയപ്പോഴാണ് ഇവർ അറസ്റ്റിലായത്.
“മയക്കുമരുന്ന് കൈമാറാനും ഒളിപ്പിക്കാനും സംഘം വിവിധ സ്ഥലങ്ങൾ ഉപയോഗിച്ചിരുന്നു. ഇവർ യു.എ.ഇ.ക്ക് പുറത്തുള്ള അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയുടെ ഭാഗമാണ്,” മയക്കുമരുന്ന് വിരുദ്ധ സേന ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുഈസ വ്യക്തമാക്കി. “സമൂഹത്തിന്റെ സുരക്ഷ അപകടപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ദുബൈ പൊലീസ് പ്രതിജ്ഞാബദ്ധമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം വസ്ത്രങ്ങളുടെ ബട്ടണുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18.93 കിലോഗ്രാം കപ്റ്റാഗൺ ഗുളികകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിപണി മൂല്യം ഏകദേശം 44 ലക്ഷം ദിർഹമാണ്. യു.എ.ഇ.യിൽനിന്ന് അയൽരാജ്യത്തേക്ക് കടത്താനായിരുന്നു പദ്ധതി.