പ്രവാസി മലയാളികൾക്കായി നോർക്ക കൊണ്ടുവന്ന പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്നും തിരിച്ചുവന്ന പ്രവാസികൾ പുറത്താകും.
നാട്ടിൽ തിരിച്ചെത്തിയിട്ടുള്ള 14 ലക്ഷത്തോളം പ്രവാസികളാണ് പുറത്താവുക. ഇവരിൽ പലരും രോഗം കൊണ്ടും ജോലിയില്ലാതെയും നാട്ടിൽ തിരിച്ചെത്തിയവരാണ്. നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്തുള്ള മറുനാടൻ മലയാളികൾക്കും മാത്രമാണ് അംഗത്വം. തിരിച്ചുവന്ന പ്രവാസികൾക്ക് നോർക്കയുടെ തിരിച്ചറിയൽ കാർഡ് ഇല്ല എന്നതും മറ്റൊരു വെല്ലുവിളിയാണ്. നാട്ടിലെ പ്രവാസികൾക്കും ഈ കാർഡ് നൽകണമെന്ന് പ്രവാസിസംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല, നോർക്ക കെയർ ഇൻഷുറൻസിൻ്റെ ആനുകൂല്യം ലഭിക്കണമെങ്കിൽ ഇന്ത്യയിൽ വന്ന് ചികിത്സ തേടുകയും വേണം. പ്രായം കൊണ്ടും ആരോഗ്യ പ്രശ്നം കാരണവും ഇൻഷുറൻസിന് അർഹരായ ഒരു വിഭാഗമാണ് പ്രവാസികളുടെ രക്ഷിതാക്കൾ. എന്നാൽ, നോർക്ക കെയറിൻ്റെ പരിരക്ഷയിൽ വിദേശത്തെ പ്രവാസികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തിയിട്ടില്ല.
വിദേശത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് തൊഴിൽ പെർമിറ്റിനോടൊപ്പം അതത് രാജ്യത്തെ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. അതിനാൽ അവിടത്തെ ആരോഗ്യപരിരക്ഷ അവർക്കു ലഭിക്കും.
ഈ വരുന്ന സെപ്റ്റമ്പർ 22 ന് ആണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ലോഞ്ച് ചെയ്യുക. നോർക്ക കെയർ പദ്ധതി വഴി 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമായിരിക്കും ഒരു വർഷത്തേക്ക് ലഭിക്കുക. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് മെഡിക്കൽ പരിശോധനകൾ കൂടാതെ അംഗങ്ങളാക്കാവുന്നതാണ്.
നാലംഗ കുടുംബങ്ങൾക്ക് ( ഭാര്യ, ഭർത്താവ്, 25 വയസ്സിനു താഴെയുള്ള രണ്ടു മക്കൾ ) 13,411 രൂപയാണ് പ്രീമിയം തുക, അധികമായി ഒരു കുട്ടിക്ക് 4,130 രൂപയാണ് പ്രീമിയം. ഒരു വ്യക്തിക്ക് മാത്രമാണെങ്കിൽ 8,101 രൂപയാണ്. ന്യൂ ഇന്ത്യ അഷ്വറൻസ് എന്നുവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
രജിസ്ട്രേഷൻ ഈ മാസം 22 മുതൽ അടുത്ത മാസം 22 വരെയാണ് ഉണ്ടാകുക. അതിനായുള്ള ആപ്പ് 22ന് പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കേരളീയർ ജോലി ചെയ്യുന്ന ചില കമ്പനികൾ, നോർക്ക അംഗീകരിച്ച പ്രവാസി സംഘടനകൾ എന്നിവ മുഖേനയും രജിസ്ട്രേഷൻ ഉണ്ടാകുന്നതായിരിക്കും.സാധുവായ ‘നോർക്ക പ്രവാസി കാർഡ്’ ഉള്ള കേരളീയർ, മറ്റു രാജ്യങ്ങളിൽ പഠിക്കുന്ന കേരളീയ വിദ്യാർത്ഥികൾ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന നോർക്ക ഐഡി കാർഡ് ഉള്ള കേരളീയർക്ക് എന്നിവർക്കെല്ലാമാണ് അപേക്ഷിക്കാൻ സാധിക്കുക.