ഗാസ – കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 99 പലസ്തീനികള്‍ രക്തസാക്ഷികളായതായി മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി (വഫാ) റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 77 പേര്‍ വടക്കന്‍ ഗാസയിലാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട 48 പേരുടെ മയ്യിത്തുകള്‍ അല്‍ശിഫ ആശുപത്രിയിലും 20 പേരുടെ മയ്യിത്തുകള്‍ അല്‍അഹ്‌ലി അറബ് (ബാപ്റ്റിസ്റ്റ്) ആശുപത്രിയിലും ആറു പേരുടെ മയ്യിത്തുകള്‍ അല്‍ഖുദ്സ് ആശുപത്രിയിലും മൂന്നു പേരുടെ മയ്യിത്തുകള്‍ അല്‍സരായ ആശുപത്രിയിലും മൂന്നു പേരുടെ മയ്യിത്തുകള്‍ അല്‍ഔദ ആശുപത്രിയിലും ഒരാളുടെ മയ്യിത്ത് അല്‍അഖ്സ മാര്‍ട്ടിയേഴ്സ് ആശുപത്രിയിലും 18 പേരുടെ മയ്യിത്തുകള്‍ നാസര്‍ ആശുപത്രിയിലും എത്തിച്ചു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ 385 പേരെ ഗാസ മുനമ്പിലെ ആശുപത്രികളില്‍ സ്വീകരിച്ചു.
ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യം വെച്ച് ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തി. അഭയാര്‍ഥികളുടെ തമ്പുകളും റെസിഡന്‍ഷ്യല്‍ ടവറുകളും ഭവനങ്ങളും സിവിലിയന്‍ ഒത്തുചേരലുകളും ഭക്ഷ്യസഹായത്തിനായി കാത്തിരുന്ന ആളുകളും ഇസ്രായിലിന്റെ ആക്രമണ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 65,062 ആയി ഉയര്‍ന്നതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. പരിക്കേറ്റവരുടെ എണ്ണം 1,65,697 ആയി ഉയര്‍ന്നു. നിരവധി പേര്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായില്‍ ആക്രമണം പുനരാരംഭിച്ച മാര്‍ച്ച് 18 മുതല്‍ 12,511 പേര്‍ രക്തസാക്ഷികളാവുകയും 53,656 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളില്‍ 2,504 പേര്‍ രക്തസാക്ഷികളായി. 18,381 പേര്‍ക്ക് പരിക്കേറ്റു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഇരുപത്തിനാലു മണിക്കൂറിനിടെ നാലു പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ടവരുടെ എണ്ണം 432 ആയി. ഇതില്‍ പേര്‍ 146 കുട്ടികളാണ്.
ഇസ്രായില്‍ ഗാസയിലെ ഫലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തുകയാണെന്ന് യു.എന്‍ സ്വതന്ത്രാന്വേഷണ കമ്മീഷന്‍ ആരോപിച്ചിട്ടും ഗാസയില്‍ ബോംബിംഗിന്റെ തീവ്രത കുറഞ്ഞിട്ടില്ല. ഗാസ സിറ്റി നിവാസികളെ ഗാസ മുനമ്പിന്റെ മധ്യത്തിലേക്കും തെക്കോട്ടും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി, ഇസ്രായില്‍ സൈന്യം ഇന്നലെ ഗാസ നഗരത്തില്‍ വ്യോമാക്രമണം ശക്തമാക്കി. പതിനായിരക്കണക്കിന് ആളുകള്‍ റാശിദ് സ്ട്രീറ്റില്‍ തിങ്ങിനിറഞ്ഞതിനെ തുടര്‍ന്ന് ഫലസ്തീനികള്‍ക്ക് പലായനം ചെയ്യാന്‍ മറ്റൊരു താല്‍ക്കാലിക വഴി ഇസ്രായില്‍ സൈന്യം തുറന്നു. ബുധനാഴ്ച രാത്രിയില്‍ ഗാസ നഗരത്തിലെ ഏകദേശം 50 ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
അതേസമയം, യൂറോപ്യന്‍ യൂണിയനും ഇസ്രായേലും തമ്മിലുള്ള വ്യാപാര കരാറിലെ ചില വ്യവസ്ഥകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഇസ്രായിലില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ചുമത്താനുമുള്ള പദ്ധതി യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇസ്രായിലില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഇതുവരെ തീരുവയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. നിര്‍ദിഷ്ട ഉപരോധങ്ങളെ വിമര്‍ശിച്ച ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍, യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഉചിതമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി