മാഡ്രിഡ് – ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത നിലപാടെടുത്ത് സ്പാനിഷ് ഭരണകൂടം. ഇസ്രായിൽ 2026 ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയാൽ സ്പെയിൻ ലോകകപ്പ് കളിക്കാൻ ഉണ്ടാകില്ലെന്നാണ് സ്പെയിൻ അറിയിച്ചത്. അടുത്തവർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക,കാനഡ, മെക്സിക്കോ എന്നി രാജ്യങ്ങളിൽ സംയുക്തമായാണ് ലോകകപ്പിന് വേദിയൊരുങ്ങുന്നത്.
റഷ്യയെ ആക്രമണത്തിന്റെ പേരും പറഞ്ഞു അന്താരാഷ്ട്ര കായിക വേദികളിൽ വിലക്കിയെങ്കിൽ അത് ഇസ്രായിലിനും ബാധകമാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിൽ പങ്കെടുക്കില്ല എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത്.
അടുത്ത ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിച്ച ടീമുകളിൽ ഒന്നായിരുന്ന സ്പെയിൻ.
രണ്ട് യോഗ്യത മത്സരങ്ങളും ജയിച്ച് ഗ്രൂപ്പിൽ ഒന്നാമതാണ് . എന്നാൽ നോർവേ, ഇറ്റലി അടങ്ങുന്ന ഗ്രൂപ്പിൽ മൂന്നാമതാണ് ഇസ്രായിൽ. ആദ്യ സ്ഥാനക്കാർ നേരിട്ട് ലോകകപ്പിലേക്ക് എത്തുമ്പോൾ രണ്ടാം സ്ഥാനക്കാർക്ക് പ്ലേ ഓഫിലൂടെ ലോകകപ്പ് കളിക്കാൻ സാധിക്കും. അതിനാൽ തന്നെ മൂന്നാമതാണെങ്കിലും ഇസ്രായിലിന് അവസരം ലഭിക്കാൻ ഇടയുണ്ട്.
കഴിഞ്ഞ രണ്ടു വർഷമായി ഫലസ്തീനിൽ ഇസ്രായിൽ ക്രൂരമായ ആക്രമണങ്ങൾ നടത്തിവരുന്നു. പിഞ്ചു കുഞ്ഞുങ്ങളടക്കം അറുപതിനായിരത്തിലധികം പേർ കൊല്ലപ്പെട്ട ഈ വംശഹത്യയുടെ തുടക്കം മുതൽ തന്നെ ഫലസ്തീന് പിന്തുണ നൽകിയ ചില രാജ്യങ്ങളിൽ ഒന്നായിരുന്നു സ്പെയിൻ.